meena

സ്വാഭാവിക കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസിൽ ഇടംപിടിച്ച നടിയെയാണ് മീന ഗണേശിന്‍റെ വേർപാടിലൂടെ നഷ്ടമാവുന്നത്. കൂട്ടത്തിലൊരാളെപ്പോലെ മീന ജീവൻ നൽകിയ കഥാപാത്രങ്ങൾ നൂറിലേറെ. സിനിമയിലേക്ക് ചുവടുറപ്പിക്കുമ്പോഴും നാടകം തന്‍റെ ആദ്യ ഇടമെന്ന് നിരന്തരം പറഞ്ഞിരുന്ന അമ്മ.  

 

വാസന്തിയേ എന്ന ഒറ്റ വിളിയിലൂടെ കരഞ്ഞു തളർന്ന ഈ അമ്മ വേഷം മലയാളികളെ അത്രയേറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. നന്ദനത്തിൽ തഞ്ചത്തിൽ വിശേഷങ്ങൾ അറിയാനെത്തുന്ന വാല്യക്കാരിയുടെ വേഷം വീട്ടുകാരിൽ ഒരാളെപ്പോലെ.

കൂട്ടത്തിലൊരാൾ എന്ന പോലെ ചേർത്തു പിടിക്കാൻ തോന്നുന്ന മട്ടിൽ കയ്യടക്കം നൽകുന്ന നിരവധി കഥാപാത്രങ്ങൾ. സങ്കട മുഹൂർത്തങ്ങളിലൂടെ നീങ്ങുന്ന അമ്മ വേഷത്തിൽ എപ്പോഴും മീന ഗണേഷ് ഉള്ളുലയ്ക്കുന്ന തനി നാട്ടിൻപുറത്തുകാരിയായി മാറും. വളയം, നഖക്ഷതങ്ങൾ, തലയണമന്ത്രം, വെങ്കലം, ഈ പുഴയും കടന്ന്, കരുമാടിക്കുട്ടൻ, മീശമാധവൻ തുടങ്ങി മനസിൽ സൂക്ഷിക്കാൻ നൂറിലേറെ ചിത്രങ്ങളിൽ കഥാപാത്രങ്ങളായി.

കഥാപാത്രങ്ങളിലെ സങ്കടങ്ങൾ ജീവിതത്തിലും അതിലേറെ അളവിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് മീന ഗണേഷിന്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് മാറി നിൽക്കുമ്പോഴും സിനിമയിലേക്ക് വീണ്ടും മടങ്ങി വരാൻ ആവുന്നത്ര ശ്രമം തുടരുകയായിരുന്നു. കൂട്ടത്തിലൊരാളെ നഷ്ടപ്പെട്ടാലുണ്ടാവുന്ന വേദനയാവും മലയാള സിനിമാ പ്രേക്ഷകർക്ക് മീന ബാക്കി വച്ച കഥാപാത്രങ്ങളിലൂടെ ഓർമയിൽ നിറയുക.

ENGLISH SUMMARY:

Popular malayalam actress meena ganesh who starred in over 400 films passess away