ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം ‘മാര്‍ക്കോ’ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് കെ.ജി.എഫിനെക്കാള്‍ പൊളിയെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. ചിത്രത്തിലെ വയലന്‍സ് ഓവറല്ലേ എന്ന് ചോദിക്കുന്നവരോട് തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ കാണിക്കുന്നതില്‍ കുഴപ്പമില്ലേ എന്നാണ് ആരാധകരുടെ മറുചോദ്യം. ‘തമിഴരും തെലുങ്കരും ചെയ്താല്‍ വയലന്‍സ്, ഉണ്ണി മുകുന്ദന്‍ ചെയ്താല്‍ വയലന്‍സ് വരൂല്ലേ’ എന്നാണ് ഒരു കമന്‍റ്. ‘മാര്‍ക്കോ’ കെജിഎഫിനെ കടത്തിവെട്ടും. ഉണ്ണി മുകുന്ദന്‍ ഫാന്‍ ക്ലബ് ഉണ്ടാക്കാന്‍ പോകുകയാണെന്നും ഒരു കട്ട ഫാന്‍ പറയുന്നു.
ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വലയന്‍സ് രംഗങ്ങളുമായാണ് ‘മാര്‍ക്കോ’യുടെ വരവെന്ന അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം അതേപടി സ്ക്രീനില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ചിത്രം കണ്ടവരുടെ നിലപാട്. ആദ്യഷോ മുതല്‍ മികച്ച പ്രതികരണമാണ് ‘മാര്‍ക്കോ’യ്ക്ക്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ജഗദീഷിന്‍റെ വേഷപ്പകര്‍ച്ചയാണ് അല്‍ഭുതപ്പെടുത്തുന്ന മറ്റൊരു പ്രത്യേകത. ടോണി ഐസക് എന്ന അതിക്രൂരനായ വില്ലനായാണ് ജഗദീഷിന്‍റെ അവതാരം. ആദ്യന്തം ആക്ഷന്‍ രംഗങ്ങളുടെ ചാകരയാണ്. 2.25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്നു. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. 'മിഖായേൽ' എന്ന ചിത്രത്തിന്‍റെ സ്പിൻ ഓഫായെത്തുന്ന ‘മാർക്കോ’ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്.