അന്തരിച്ച നടൻ എം.ജി സോമന്‍റെ സ്മരണാർത്ഥം തിരുവല്ലയിൽ അമച്വർ നാടകമത്സരം നടന്നു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന നാടകോത്സവം പ്രമുഖ നാടകകൃത്ത് സി.എൽ ജോസാണ് ഉദ്ഘാടനം ചെയ്തത്. നിരവധി നാടക പ്രേമികൾ ചടങ്ങിൽ പങ്കെടുത്തു. എം.ജി സോമൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് തിരുവല്ല നഗരത്തിൽ നാടകങ്ങൾക്ക് വീണ്ടും അരങ്ങൊരുങ്ങിയത്. നാല്പത്തിലധികം നാടകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത എട്ട് നാടകങ്ങൾ വേദിയിലെത്തി. 45 മിനിറ്റ് വീതം ദൈർഘ്യമുള്ള നാടകങ്ങൾ കാണികളിൽ ഒരുപോലെ ആവേശം.
നാടകത്തിലൂടെ ചുവടുവെച്ച് മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി സോമന്‍റെ സ്മരണാർത്ഥമായിരുന്നു നാടകോത്സവം സംഘടിപ്പിച്ചത്. വളർന്നുവരുന്ന നാടക കലാകാരന്മാർക്കായുള്ള വേദിയും പ്രോത്സാഹനവുമാണ് നാടകോത്സവമെന്ന് സംവിധായകൻ ബ്ലെസി. നോക്കുകുത്തി തെയ്യം, അഹല്യ, വിശാല കൊച്ചിയിൽ ഇന്ന്, ചരിത്രം ചമയ്ക്കുന്നവർ എന്നീ നാടകങ്ങളാണ് ആദ്യദിനം അവതരിപ്പിച്ചത്. മഖ്ബറ, വേലി, വെള്ളച്ചി, റെഡ് അലർട്ട് എന്നിവ രണ്ടാം ദിവസം വേദിയിലെത്തി.