താരപുത്രൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിലേക്ക് ഒരാൾകൂടിയെത്തുന്നു. നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ്. തിലകനാണ് പുതിയ താരം. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് താരം. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. ശബ്ദത്തിന്റെ കാര്യത്തിലും അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
അഭിമന്യുവിന്‍റെ വാക്കുകള്‍
‘മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണ്. റസൽ ടോണി ഐസക് എന്ന അക്രമാസക്തവും ക്രൂരവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, എന്നാൽ നിങ്ങൾ എന്നോടും എന്റെ പ്രകടനത്തോടും കാണിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും മറുപടികളില്ല. എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി’