ആരാധകര്‍ക്ക് മോഹന്‍ലാലിന്‍റെ അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം. താരം തന്നെ പാടിയ ഒരു ക്രിസ്മസ് കാരളാണ് ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ജെറി അമല്‍ദേവാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ എഴുതിയത് പ്രഭ വര്‍മ്മയാണ്. ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.
വര്‍ണശബളമായ ക്രിസ്മസ് ട്രീയുടെയും മെഴുകുതിരികളുടേയും മനോഹരമായ പശ്ചാത്തലമാണ് ഗാനരംഗങ്ങളിലുള്ളത്. യേശുവിന്‍റെ ജനനവും ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ടികെ രാജീവ് കുമാറാണ്. ജെബിന്‍ ജേക്കബ് ക്യാമറയും, ഡോണ്‍ മാക്സ് എഡിറ്റിംഗും നടത്തിയിരിക്കുന്നു.
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിന്‍റെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ലാലേട്ടന്‍റെ സര്‍പ്രൈസ് ഗാനം പുറത്തുവന്നത്. ഡിസംബര്‍ 25നാണ് ബാറോസ് റിലീസ് ചെയ്യുന്നത്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിർമ്മിച്ചത് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.