നീണ്ട നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസ് ഡിസംബര്‍ 25ന് റിലീസ് ചെയ്യുകയാണ്. പല വേഷങ്ങളിലും ഭാവങ്ങളിലും കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തിയ തന്‍റെ അഭിനയത്തിലൂടെ അമ്പരിപ്പിച്ച നടന്‍ സംവിധാനത്തില്‍ എത്രത്തോളം മികവ് പുലര്‍ത്തും എന്നറിയാനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ബറോസിനും മോഹന്‍ലാലിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മമ്മൂട്ടി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്
ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്‍റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്‍റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചത് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.