മലയാളത്തിന്‍റെ ഖ്യാതി അതിര്‍വരമ്പുകളെ ഭേദിച്ച് ലോകമാകെ എത്തിച്ച അതുല്യ പ്രതിഭയ്ക്ക് അന്ത്യാ‍ഞ്ജലി അര്‍പ്പിക്കുകയാണ് നാട്. തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ എം.ടി വിട പറയുമ്പോള്‍ നികത്താനാകാത്ത ഒരു വിടവ്, ശൂന്യതയാണ് മലയാളത്തിന് അനുഭവപ്പെടുന്നത്. എം.ടിയുടെ വിയോഗം തന്നെ നോവിന്‍റെ ആഴക്കയത്തിലേക്ക് തള്ളിവിടുകയാണെന്ന് പറയുകയാണ് നടന്‍ മോഹന്‍ലാല്‍.

മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്;

മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ എന്‍റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്‍റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എം.ടി സാർ  മടങ്ങിയല്ലോ...

എം.ടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?

മലയാളത്തിന്‍റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എം.ടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക? വേദനയോടെ, പ്രാർഥനകളോടെ...

തനിക്കേറ്റവും നല്ല കഥാപാത്രങ്ങള്‍ നല്‍കിയ കഥാകാരനാണ് എം.ടി വാസുദേവന്‍ നായരെന്ന് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു. എം.ടിയുമായുണ്ടായിരുന്നത് വൈകാരികത നിറച്ച മികച്ച സ്നേഹബന്ധമെന്നും മോഹന്‍ലാല്‍. കോഴിക്കോട്ടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോട് കൂടിയാണ് മോഹന്‍ലാലെത്തിയത്. അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചു. വളരെയധികം സ്നേഹം അങ്ങോട്ടുമിങ്ങോട്ടുമുണ്ടായിരുന്നു. 

‘ഓളവും തീരവും’ ആണ് അവസാനമായി ഒന്നിച്ച ചിത്രം. അദ്ദേഹം എന്‍റെ നാടകങ്ങള്‍ കാണാന്‍ വരുമായിരുന്നു. കോഴിക്കോട് വരുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആരോഗ്യാവസ്ഥ മോശമായി ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ വിളിച്ച് അന്വേഷിക്കുമായിരുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Mohanlal remembers M.T Vasudevan Nair. Says he feels empty after M.T's death.