ഏതൊരിന്ത്യന്‍ സംവിധായകനെയും പോലെ മണിരത്നത്തിന്‍റെയും സ്വപ്നമായിരുന്നു എംടിയുടെ തിരക്കഥയില്‍ ഒരു ചിത്രം. പല തവണ അതിനായി ശ്രമിക്കുകയും ചെയ്തു. തിരുടാ തിരുടായുടെ പണികള്‍ നടക്കുന്ന സമയത്താണ് ബോംബെ (ഇന്നത്തെ മുംബൈ) കലാപം നടക്കുന്നത്. ബിരുദ പഠനത്തിന് ശേഷം മണിരത്നം എംബിഎ പഠിക്കാനായി പോയ നഗരം. 1992 ലെ മുംബൈ വര്‍ഗീയ കലാപം മണിയെ വല്ലാതെയുലച്ചു. കലാപം അടിസ്ഥാനമാക്കി  ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാര്യം എആര്‍ റഹ്മാനുമായി സംസാരിച്ചു. റഹ്മാനും വലിയ താല്‍പര്യമായി. എന്നാല്‍ ഒരു സ്ക്രിപ്ടിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.

ചിത്രം മലയാളത്തില്‍ ചെയ്യാന്‍ മണിരത്നം തീരുമാനിച്ചു. മണിരത്നത്തിന്‍റെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. 1984ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ അഭിനയിച്ച ഉണരൂ. റോജയും തിരുടാ തിരുടായും പോലുള്ള വലിയ ചിത്രങ്ങള്‍ക്കു ശേഷം ചെറിയ സ്കെയിലില്‍ ഒരു സിനിമയായിരുന്നു ഇത്തവണ ലക്ഷ്യം.  തിരക്കഥയ്ക്കായി സാക്ഷാല്‍ എംടിയെ തന്നെ കാണുന്നത് ഈ സിനിമയ്ക്കായാണ്. കലാപത്തിനിരയാകുന്ന ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയൊരു സിനിമയായിരുന്നു മനസ്സില്‍. ചര്‍ച്ചകള്‍ പുരോഗമിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടിയില്‍ നിന്നാരംഭിക്കുന്ന സിനിമ. കലാപം, കലാപ പൂര്‍വകാലം എന്നിങ്ങനെ ബോംബൈ വിക്ടോറിയ ടെര്‍മിനലില്‍ വന്നിറങ്ങുന്ന കുട്ടിയുടെ അമ്മയിലേക്ക് സഞ്ചരിക്കുന്ന മട്ടിലൊരു കഥ. കഥക്കൊപ്പം ബജറ്റും വളര്‍ന്നു. പ്രൊഡ്യൂസര്‍ മുദ്ര ശശി ബുദ്ധിമുട്ടു പറഞ്ഞു. ഒരു ബിഗ്ബജറ്റ് ചിത്രം മലയാളത്തില്‍ ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ മണിരത്നത്തിനും ബോധ്യമായി. അങ്ങനെ ആ എംടി–മണിരത്നം ചിത്രം നടക്കാതെ പോയി. അരവിന്ദ് സ്വാമിയും – മനീഷാ കൊയ്‌രാളയും അഭിനയിച്ച് വമ്പന്‍ ഹിറ്റായി മാറിയ ബോംബൈയായി പുനരവതരിച്ചു. കണ്ണാളനേ, ഉയിരേ ഉയിരേ, ഹമ്മ ഹമ്മ തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുമായി പുറത്തിറങ്ങിയ ബോംബെ. 

ബോംബെ എന്ന ചിത്രം ആദ്യം പദ്ധതിയിട്ട പോലെ മലയാളത്തിലായിരുന്നുവെങ്കില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നെന്ന് മണിരത്നം ഇന്നും വിശ്വസിക്കുന്നു. പാട്ടുകള്‍ ഒന്നും ഇല്ലാതെ പശ്ചാത്തല സംഗീതം മാത്രമുപയോഗിച്ച് എംടിയുടെ സ്ക്രിപ്ടില്‍ ഒരു ചിത്രം. അതായിരുന്നു മണിയുടെ മോഹം.

 

എംടി നല്‍കിയ ആശയത്തില്‍ പിറന്ന ക്ലാസിക്

ഷേക്സ്പിയറുടെ ഹാംലറ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എംടിയുടെ സ്ക്രിപ്ടില്‍ ഒരു മലയാളം സിനിമ. അതായിരുന്നു അടുത്ത ശ്രമം. ബോംബൈ സിനിമയുടെ പണികള്‍ നടക്കുന്നതിനിടെ എംടിയെക്കണ്ട് ചര്‍ച്ചകള്‍ നടത്തി.  അവിടെയും തടസ്സമായത് ബജറ്റ് തന്നെ. അന്നത്തെ മലയാളം ഇന്‍ഡസ്ട്രിക്ക് താങ്ങാനാകാത്ത ബജറ്റ്. അങ്ങനെയതും മുടങ്ങി. പക്ഷേ ഈ സിനിമയ്ക്കായുള്ള സംഭാഷണങ്ങള്‍ക്കിടെ എംടി ഒരാശയം മണിയുമായി പങ്കുവച്ചു. തമിഴ്നാട്ടിലെ സിനിമയും രാഷ്ട്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് എംടി വാചാലനായത്. ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത സവിശേഷമായ ഒരു കാര്യമായി തമിഴകത്തെ സിനിമ–രാഷ്ട്രീയ ബന്ധം എംടി ശ്രദ്ധിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു സിനിമയോ നോവലോ ചെയ്യാന്‍ ആരും തയാറാകാത്തതെന്ന് അദ്ദേഹം മണിയോട് ചോദിച്ചു. അത്തരമൊരു സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചു. അങ്ങനെ പിറന്നതാണ് എംജിആറിന്‍റെയും കരുണാനിധിയുടെയും കഥ പറഞ്ഞ ഇരുവര്‍. മോഹന്‍ലാലിന്‍റെയും പ്രകാശ് രാജിന്‍റെയും ഏറ്റവും മികച്ച അവസരങ്ങളിലൊന്നായി മാറിയ ഇരുവര്‍

പലവേളകളിലും എംടിയോടുള്ള ആദരവും  ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ കഴിയാത്ത വിഷമവും മണിരത്നം പങ്കുവച്ചിട്ടുണ്ട്. അയല്‍പക്കത്തെ ആരാധകനായി മണിരത്നം ഇപ്പോഴും തുടരുന്നു. എംടിയുടെ സ്ക്രിപ്ട് കൊതിച്ചിട്ടും കിട്ടാത്ത പലരില്‍ ഒരാളായി.

ENGLISH SUMMARY:

Two 'Maniratnam-MT' Movies Not Written by MT Vasudevan Nair