2024ലെ മലയാള സിനിമാവ്യവസായിക നഷ്ടം 700 കോടിയെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ആയിരം കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ 199 ചിത്രങ്ങളിൽ ലാഭം ഉണ്ടാക്കിയത് 26 എണ്ണം മാത്രം. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തതടക്കം വലിയ പ്രതിസന്ധിക്ക് കാരണമായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലയിരുത്തുന്നു.
ജനുവരി മുതൽ ഇതുവരെ റിലീസായത് ആകെ 204 ചിത്രങ്ങൾ. അതിൽ 199 പുതിയ റിലീസും അഞ്ചെണ്ണം റീ റിലീസും. പുതിയ റിലീസായ 199 ചിത്രങ്ങളിൽ 26 എണ്ണം മാത്രമാണ് സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ച്ചവച്ചത്. ലാഭം 300 കോടി മുതൽ 350 രൂപവരെ. 700 കോടിയോളം രൂപ നഷ്ടമുണ്ടാക്കി ബാക്കിയുള്ളവ തിയറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്ക് സഹിതം വ്യക്തമാക്കുന്നു.
റീ റിലീസ് ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് ദേവദൂതൻ മാത്രമാണ്. തിയറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമാണ ചെലവ് സൂക്ഷ്‌മമായി പരിശോധിച്ച് കുറവ് വരുത്തേണ്ട സാഹചര്യമാണെന്ന് നിർമാതാക്കൾ പറയുന്നു. അഭിനേതാക്കളുടെ പ്രതിഫലയിനത്തിൽ ഗണ്യമായ വർധന ഉണ്ടായി. പ്രതിസന്ധി മനസിലാക്കി പൂർണമായും അഭിനേതാക്കൾ സഹകരിക്കാത്തതും വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു.