TOPICS COVERED

രജനികാന്ത് ചിത്രം അണ്ണാത്തെയില്‍ അഭിനയിച്ചതില്‍ നിരാശയുണ്ടെന്ന് നടി ഖുശ്​ബു സുന്ദര്‍. തനക്കും മീനയ്​ക്കും നായികമാരെപ്പോലെയുള്ള കഥാപാത്രമായിരിക്കുമെന്നും രജനികാന്തിന് ജോഡിയായി മറ്റൊരു നടി വരില്ലെന്നുമാണ് തങ്ങളോട് പറഞ്ഞതെന്നും വിക്കു ലാല്‍വാനിക്കൊപ്പമുള്ള അഭിമുഖത്തില്‍ ഖുശ്​ബു പറഞ്ഞു.  

'എന്നോട് പറഞ്ഞതു പോലെ ആയിരുന്നില്ല ആ കഥാപാത്രം സിനിമയിൽ വന്നത്. എനിക്കും മീനയ്ക്കും നായികമാരെപ്പോലെയുള്ള കഥാപാത്രമാണെന്ന് ആയിരുന്നു ആദ്യം പറഞ്ഞത്. രജനി സാറിനൊപ്പം വേറെയാരും ജോഡിയായി അഭിനയിക്കുന്നില്ലെന്നും ഞങ്ങൾ ഉടനീളം സിനിമയിൽ ഉണ്ടാകുമെന്നും വിശ്വസിച്ചാണ് പ്രോജക്റ്റ് സ്വീകരിച്ചത്.

കോമഡിയും ഫണ്ണുമെല്ലാമുള്ള ഒരു രസകരമായ കഥാപാത്രമായിരുന്നു അത്. എന്നാൽ സിനിമ പുരോഗമിച്ചപ്പോൾ രജനി സാറിന്റെ കഥാപാത്രത്തിന് ഒരു നായികയുണ്ടാകുകയും എന്റെ കഥാപാത്രം കാരിക്കേച്ചറിഷ് ചെയ്യപ്പെടുകയുമായിരുന്നു. ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോൾ വളരെയധികം നിരാശ തോന്നി.

കഥാപാത്രങ്ങളിലുണ്ടായ മാറ്റം രജനീകാന്തിന്റെ തീരുമാനമായിരുന്നില്ല, അദ്ദേഹം അങ്ങനെയുള്ള ആളല്ല. എനിക്ക് അദ്ദേഹത്തെ വർഷങ്ങളായി അറിയാം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ആരാധകരെ പ്രീതിപ്പെടുത്താനായിരിക്കാം അല്ലെങ്കിൽ സംവിധായകന്റെയോ നിർമാതാവിന്റെയോ തീരുമാനവുമാകാം. സിനിമയുടെ തുടക്കത്തിൽ എന്‍റേയും മീനയുടെയും കഥാപാത്രത്തിന് രജനീകാന്തിനൊപ്പം ഡ്യുവറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു' ഖുശ്​ബു പറഞ്ഞു. 

ENGLISH SUMMARY:

Actress Khushbu Sundar is disappointed with acting in Rajinikanth's film Annathe