balayya-dance

Image Credit: Youtube

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയ്ക്ക് സൈബറിടത്ത് രൂക്ഷവിമര്‍ശനം. ആരാധകര്‍ ഏറെ ആരാധനയോടും ബഹുമാനത്തോടും ബാലയ്യ എന്നുവിളിക്കുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനമാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. ബോബി കൊല്ലിയുടെ സംവിധാനത്തിൽ നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന 'ഡാകു മഹാരാജ്' എന്ന തെലുങ്ക് ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നതിന് പിന്നാലെ വീണ്ടും ട്രോളുകളില്‍ ഇടംപിടിച്ചിരിക്കുകയാണ് താരം. 

സംക്രാന്തി റിലീസായെത്തുന്ന ഡാകു മഹാരാജിലെ ഒരു ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ പാട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. എന്നാണ് പാട്ട് വൈറല്‍ ആയെന്ന് മാത്രമല്ല, ബാലയ്യക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ഗാനത്തിലെ ബാലയ്യയുടെ നൃത്തച്ചുവടുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്. 

ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയാണ് ബാലയ്യക്കൊപ്പം നൃത്തരംഗത്തില്‍ ഉള്ളത്. പാട്ടിന് ചേരാത്ത കോറിയോഗ്രാഫും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള സ്റ്റെപ്പുകളാണ് ഗാനത്തിൽ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമർശനം. തമന്‍ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫർ. പാട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ നൃത്തരംഗങ്ങള്‍ ട്രോളുകളില്‍ നിറഞ്ഞു.

64കാരന്‍ നായകന് 30കാരിയെ നായികയായി പരിഗണിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. വളരെ മോശം ചിത്രീകരണമെന്നാണ് പാട്ടിനെതിരെ ഉയരുന്ന കമന്‍റുകള്‍. 'ഇയാളിതെന്താണ് കാണിച്ചുകൂട്ടുന്നത്' ബാലയ്യക്കിത് നിര്‍ത്താറായില്ലേ തുടങ്ങിയ കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരുവശത്ത് വിമര്‍ശനം കൊഴുക്കുമ്പോഴും  ഗാനത്തിന്‍റെ കാഴ്ചക്കാരുടെ എണ്ണം നിമിഷം പ്രതി ഉയരുകയാണ്  നന്ദമൂരി ബാലകൃഷ്ണയുടെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരി 12 ന് തിയേറ്ററിലെത്തും.

ENGLISH SUMMARY:

Balayya's 'Dabidi Dibidi' gets heavy trolling