കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ അഭിനയിച്ച് ലോകത്തിന്‍റെ നെറുകയിലേക്ക് ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഉയര്‍ത്തിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്. എന്നാല്‍ ഈ ചിത്രം തനിക്ക് വന്നതായിരുന്നുവെന്നും അഹങ്കാരം കൊണ്ട് താന്‍ ഒഴിവാക്കി വിട്ടുവെന്നും പറയുകയാണ് നടി വിന്‍സി അലോഷ്യസ്. തനിക്ക് പറ്റിയ സിനിമയാണെന്ന് തോന്നിയില്ലെന്നും വിന്‍സി പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ഇക്കാര്യങ്ങള്‍ വിന്‍സി തുറന്നു പറഞ്ഞത്.
'കഴിവുണ്ടേല്‍ എത്തുമെന്ന അഹങ്കാരത്തില്‍ നിന്നു. അതിന് ഒരു ചെറിയ ഉദാഹരണം പറയാം. അതെന്റെ മാതാപിതാക്കള്‍ക്കും അറിയില്ല. നിങ്ങള്‍ക്ക് മുന്നില്‍ ഒരു കുമ്പസാരം പോലെ പറയാം. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാനില്‍ എത്തി നില്‍ക്കുന്നു. 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്'. കനി കുസൃതി, ദിവ്യ പ്രഭയൊക്കെയുള്ള സിനിമ. എല്ലാവരും അടുത്തകാലത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അത് എന്റെ അഹങ്കാരത്തില്‍പേരില്‍ ഒഴിവാക്കിയിട്ടുണ്ട്.
മുകളിലേക്ക് പോയ ഞാന്‍ ഇപ്പോള്‍ താഴേക്ക് എത്തി നില്‍ക്കുകയാണ്. ഒരു കാര്യമേയുള്ളൂ, ഉള്ളില്‍ വിശ്വാസം വേണം. പ്രാര്‍ത്ഥന വളരെ പ്രാധാന്യമുള്ളതാണ്. ഞാന്‍ പ്രാര്‍ത്ഥന കുറച്ച സമയമുണ്ടായിരുന്നു, പ്രാര്‍ത്ഥന ഇല്ലാതാക്കിയ സമയമുണ്ടായിരുന്നു. രണ്ടിന്റേയും വ്യത്യാസം വ്യക്തമാണ്. പ്രാര്‍ത്ഥിച്ചിരുന്ന സമയത്ത്, മനസില്‍ നന്മയുണ്ടായിരുന്ന സമയത്ത് എത്തേണ്ടിയിരുന്ന സ്ഥലത്ത് ഞാന്‍ എത്തിയിരുന്നു. ഇതെല്ലാം മാറി നിന്ന സമയത്ത് ജീവിതത്തില്‍ ഒരു സ്ഥലത്തും ഞാന്‍ എത്തിയില്ല,' വിന്‍സി പറഞ്ഞു.