ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര പ്രതീക്ഷയില്‍ രാജ്യം. നാളെ പുലര്‍ച്ചെ നടക്കുന്ന പ്രഖ്യാപനച്ചടങ്ങില്‍ പായല്‍ കപാഡിയ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, രണ്ട് വിഭാഗങ്ങളിലാണ് മല്‍സരിക്കുന്നത്. മികച്ചനടിക്കുള്ള പുരസ്കാരത്തിന് നേര്‍ക്കുനേരെത്തുന്നത് കേറ്റ് വിന്‍സ്‍ലെറ്റും ആഞ്ജലീന ജോളിയുമാണ്.
മികച്ച വിദേശഭാഷ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിലാണ് കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തുന്ന മലയാളം – ഹിന്ദി ചിത്രം മല്‍സരിക്കുന്നത്. കേരളത്തിൽനിന്നുള്ള 2 നഴ്സുമാരുടെ മുംബൈ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ മികച്ച രാജ്യാന്തരചിത്രമായി തിരഞ്ഞെടുത്തിരുന്നു. കാൻ ചലചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരവും ഗോതം അവാർഡ്സിൽ ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരവും നേടിയത് ഗോള്‍ഡന്‍ ഗ്ലോബ് പ്രതീക്ഷയ്ക്ക് കരുത്തുപകരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മല്‍സരിക്കുന്ന ഫ്രഞ്ച് ചിത്രം എമിലിയ പെരസ് വെല്ലുവിളിയുയര്‍ത്തും.
പത്ത് നോമിനേഷനുകളാണ് മ്യൂസിക്കല്‍ കോമഡി ചിത്രമാണ് ഫ്രഞ്ച് സിനിമയ്ക്കുള്ളത്. സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് 38കാരിയായ പായല്‍ കപാഡിയ. ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ദി ഡേ ഓഫ് ദി ജാക്കല്‍, ഷോഗണ്‍, സ്ലോ ഹോഴ്സസ്, സ്ക്വിഡ് ഗെയിം എന്നിവയും മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി ഡ്യൂണ്‍, കോണ്‍ക്ലേവ്, ദ് ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അണ്‍ നോണ്‍ എന്നീ ചിത്രങ്ങളും മല്‍സരിക്കും. ഡ്രാമ വിഭാഗത്തില്‍ മികച്ച നടിയാകാന്‍ മല്‍സരിക്കുന്നത് മരിയയിലെ പ്രകടനത്തിന് ആഞ്ജലീന ജോളിയും ലീയിലെ പ്രകടനത്തിന് കേറ്റ് വിന്‍സ്ലറ്റും.