പ്രഫസർ അമ്പിളിയായി സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ നടൻ ജഗതി ശ്രീകുമാർ. ജഗതിയുടെ എഴുപത്തിമൂന്നാം പിറന്നാൾ ദിനമായ ഇന്ന് പുതിയ സിനിമയായ വലയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 2012-ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാതായ ജഗതി ശ്രീകുമാർ പ്രഫസർ അമ്പിളി എന്ന മുഴുനീള കഥാപാത്രമാണ് വലയിൽ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ചന്തുവാണ്.
‘പുതിയ വർഷം. പുതിയ തുടക്കങ്ങൾ. ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്നേഹം. ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല’ എന്ന കുറിപ്പിനൊപ്പം ജഗതി ശ്രീകുമാര്‍ പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
2022 ല്‍ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നു. അതിനുശേഷം ഗംഭീര മേക്കോവറില്‍ താരം തിരിച്ചുവരവ് നടത്തുകയാണ്. നരച്ച് പാറിപ്പറന്നുകിടക്കുന്ന തലമുടിയും കണ്ണടയും സ്യൂട്ട് ധരിച്ച് വീല്‍ ചെയറിലിരിക്കുന്ന ജഗതി ശ്രീകുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന പേരിലാണ് ജഗതി ശ്രീകുമാര്‍ എത്തുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം പോസ്റ്റര്‍ സൈബറിടത്ത് വൈറലാണ്.