മാർക്കോയുടെ വിജയത്തിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നടി സ്വാസിക. ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ലെന്നും ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്നും സ്വാസിക പറഞ്ഞു. നിറഞ്ഞ വേദിയിൽ പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ കഴിഞ്ഞ ദിവസം 100 കോടി ക്ലബിൽ കയറിയിരുന്നു.
ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷമുണ്ട്. ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല എന്നിങ്ങനെയായിരുന്നു സ്വാസികയുടെ വാക്കുകൾ.
2025ൽ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയാണ് മാർക്കോ മാറിയിരുന്നു. മാളികപ്പുറത്തിനുശേഷം ഉണ്ണി മുകുന്ദന്റേതായി നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലടക്കം നിറഞ്ഞ സദസ്സിലാണ് മാർക്കോ പ്രദർശനം തുടരുന്നത്. 34 ഷോകളിൽ ആരംഭിച്ച സിനിമ രണ്ടാഴ്ച കൊണ്ട് 1327 സ്‌ക്രീനുകളിലായി 3000 ൽ അധികം ഷോകളിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്.
ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലൻറ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.