ബോബി ചെമ്മണ്ണൂരിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി നൽകിയ ഹണി റോസിനെ വിമർശിച്ച് നടിയും അവതാരികയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. എന്നാൽ കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ലെന്നും ഫറ ഷിബില ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ദീർഘമായ പോസ്റ്റാണ് ഫറ ഷിബില പങ്കുവച്ചിട്ടുള്ളത്. സൈബർ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. അതിനെതിരായി ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.
എന്‍റെ മേഖല ഇതായത് കൊണ്ട് ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉദ്ഘാടനം ചെയ്യുന്നു. അത്രയും നിഷ്കളങ്കമാണ് കാര്യങ്ങളെന്ന് തോന്നുന്നില്ല. ഹണി റോസ് വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തെയും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഫറ ഷിബില പറയുന്നു.
വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്‍റെ തന്നെ വിഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് ഹണി റോസ് നൽകുന്നതെന്നാണ് ഷിബില ഉന്നയിക്കുന്ന ചോദ്യം. സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയിൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കുമെന്നും ഷിബില എഴുതുന്നു.
മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നത്?’ എന്ന് എങ്കിലും പരാമർശിക്കാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ? ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു. ഒരുപക്ഷേ, അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല. ഇൻഫ്ലുൻസ് ചെയ്യാൻ ഉദേശിച്ചിട്ടുമുണ്ടാവില്ല. സർവൈവൽ ആണ് അവർക്ക് ഉദ്ഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. ‘ഉദ്ദേശ്യത്തേക്കാൾ അത് നൽകുന്ന സ്വാധീനം പ്രധാനമാണ്’ ശരിയാണോ? എന്നും പോസ്റ്റിലുണ്ട്.
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ഫറ ഷിബില.