chaithanya-prakash-surgery

സമൂഹമാധ്യമങ്ങളിൽ ഡാൻസ് റീലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ചൈതന്യ പ്രകാശ്. എന്നാല്‍ പുതുവര്‍ഷ പരിപാടിയിലെത്തിയ ചൈതന്യയെകണ്ട് ആരാധകര്‍ ഞെട്ടി. തലയിലൊരു തുന്നിക്കെട്ടുമായാണ് താരം പുതുവര്‍ഷത്തിലെ പരിപാടിയില്‍ പങ്കെടുത്തത്. തുന്നിക്കെട്ടലുകള്‍ മറയ്ക്കാനായി ഹൂഡി ധരിച്ചാണ് എത്തിയതെങ്കിലും തുന്നിക്കെട്ടലുകള്‍ ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ചൈതന്യയ്ക്ക് സംഭവിച്ചതെന്തന്നുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമായി.

സൈനസ് കാവിറ്റിയിൽ തുടർച്ചയായി വരുന്ന അണുബാധയുടെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തെന്നും അതിന്‍റെ ഭാഗമാണ് ഈ തുന്നിക്കെട്ടലുകളെന്നും താരം വെളിപ്പെടുത്തി. പുതുവർഷാരംഭത്തിൽ തന്നെ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചുവെന്നും നല്ലൊരു നാളേക്കുവേണ്ടി ഇന്ന് അല്പം കഠിനമായ തീരുമാനം എടുക്കുന്നതില്‍ സങ്കടപ്പെടേണ്ട കാര്യമില്ലെന്നും ചൈതന്യ പറയുന്നു. ആരോഗ്യത്തെ കുറിച്ച് ചോദിക്കുന്ന ആരാധകരോട് താന്‍ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടാനില്ല, ആരോഗ്യം തൃപ്തികരമാണെന്നുമാണ് താരത്തിന്‍റെ മറുപടി. ചെവിയിലായിരുന്നു ശസ്ത്രക്രിയ. ഇപ്പോള്‍ ചൈതന്യ വിശ്രമത്തിലാണ്. 

പ്രിഓറികുലാർ സൈനസ് എന്ന രോഗാവസ്ഥയാണ് താരത്തിന്. ഇതിന്‍റെ ഭാഗമായി ഇടയ്ക്കിടെ അണുബാധയുണ്ടാകുമായിരുന്നു. കഴിഞ്ഞ വർഷം നാലു തവണയാണ് അണുബാധയുണ്ടായത്. വളരെ വേദനാജനകമാണ് ആ ദിവസങ്ങളെന്ന് താരം പറയുന്നു. അതുകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ തീരുമാനിച്ചതെന്നും താരം വെളിപ്പെടുത്തി. റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഹയ, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Chaithanya's social media post goes viral on socialmedia