deed-supports-honey-rose

സൈബര്‍ ആക്രമണങ്ങളില്‍ നടി ഹണി റോസിനെ പിന്തുണച്ച്  ദീദി ദാമോദരന്‍. തനിക്കെതിരായ അശ്ലീല പരാമര്‍ശങ്ങളില്‍ നിയമനടപടി തുടങ്ങിയ ഹണി റോസിനെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. 'അവള്‍ക്കൊപ്പം' എന്ന ഹാഷ് ടാഗോടെയാണ് ഇപ്പോള്‍ ദീദി ദാമോരന്‍റെ  ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണ്.  അതിന്മേൽ വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടും കടന്നുകയറാൻ ആർക്കും അവകാശമില്ല എന്നതിന്‍റെ പ്രഖ്യാനമാണ് ഹണി റോസ് നടത്തിയതെന്നും കുറിപ്പില്‍ പറയുന്നു.  ഹണി റോസിനെതിരെയുള്ള സൈബർ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ സിനിമാ സംഘടനകൾ രംഗത്ത് വന്നത് കണ്ട് അദ്ഭുതം തോന്നി.  സുപ്രീം കോടതി അനുശാസിക്കുന്ന ആഭ്യന്തര പരാതി പരിഹാരസെല്‍  സ്വന്തം തൊഴിലിടത്ത് വേണെമെന്ന  നിര്‍ദേശം ഇനിയും നടപ്പാക്കാത്തവരാണ് ഈ സംഘടനകളിലുള്ളത്  . സൈബർ വെട്ടികിളിക്കൂട്ടങ്ങൾക്കും സിനിമയിലെ ക്വട്ടേഷൻ ബലാത്സംഗികൾക്കും പ്രേരണയാകുന്നതാണ് ഈ പിന്‍തിരിപ്പന്‍ നിലപാടെന്നും ദീദി വിമര്‍ശിച്ചു.

ഹണി റോസിന്‍റെ വാക്കുകള്‍ സിനിമക്കകത്തും പുറത്തും ഒരു പോലെ പ്രസക്തമാണെന്നും സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണ്, നിയമം നടപ്പിലാകട്ടെ എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് കുറിപ്പിന് പിന്തുണയുമായെത്തുന്നത്. 

ദീദി ദാമോദരന്‍റെ കുറിപ്പ്;

ഹണി റോസിന്‍റെ നയപ്രഖ്യാപനം ഒരു കാര്യത്തിൽ കൃത്യമായി വ്യക്തത വരുത്തുന്നുണ്ട് : സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണ്. അതിന്മേൽ വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടും കടന്നുകയറാൻ ആർക്കും അവകാശമില്ല എന്നതിൻ്റെ പ്രഖ്യാനമാണത്. ഹണി റോസിനെതിരെയുള്ള സൈബർ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ സിനിമാ സംഘടനകൾ രംഗത്ത് വന്നത് കണ്ട് അത്ഭുതപ്പെട്ടു പോയി. സ്വന്തം തൊഴിലിടത്ത് സുപ്രീം കോടതി അനുശാസിയ്ക്കുന്ന  ഐ.സി. വേണം എന്ന രാജ്യത്തെ നിയമം ഇതുവരെയും നടപ്പിലാക്കാൻ പുറം തിരിഞ്ഞു നടക്കുന്നവരാണ് ഈ സംഘടനകൾ. സൈബർ വെട്ടികിളിക്കൂട്ടങ്ങൾക്കും സിനിമയിലെ ക്വട്ടേഷൻ ബലാത്സംഗികൾക്കും പ്രേരണയാകുന്നത് ഈ പുറംതിരിഞ്ഞു നില്പാണ് . ഹണി റോസ് വിരൾചൂണ്ടിയ  "അസഭ്യഅശ്ലീലഭാഷാപണ്ഡിതമാന്യന്മാർ " നിലക്ക് നിർത്താൻ  സ്വന്തം മണ്ഡലത്തിലും നിയമം നടപ്പിലാക്കുക എന്ന തത്വം അവർക്കും ബാധകമാണ് . സിനിമക്ക് പുറത്തും അകത്തുമുള്ള രണ്ടുതരം നിയമലംഘകരും  പണിയെടുക്കുന്നത് ഒരേ യുക്തിയിലാണ്. അതുകൊണ്ട് തന്നെ  "എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം  പ്രഖ്യാപിക്കുന്നു " എന്ന  ഹണിറോസിൻ്റെ വാക്കുകൾ സിനിമക്കകത്തും പുറത്തും ഒരു പോലെ പ്രസക്തമാണ് . നിയമം നടപ്പിലാകപ്പെടട്ടെ. സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണ്.

#അവൾക്കൊപ്പം