മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, പ്രതികരണവുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. ഇതുവരെ ബറോസ് കാണാത്തവരാണ് സിനിമയെ വിമര്‍ശിക്കുന്നതെന്നാണ് സംവിധായകന്‍ കൂടെയായ മോഹന്‍ലാല്‍ പറയുന്നത്. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.
വിമര്‍ശനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ഒരു വിഷയത്തെ കുറിച്ച് വിമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ചൊരു ധാരണ ഉണ്ടാവണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയുമായോ ബറോസ് താരതമ്യം ചെയ്യണമെന്ന് എവിടേയും അവകാശപ്പെട്ടിട്ടില്ല. എന്‍റെയും എന്‍റെ ടീമിന്‍റെയും ഭാഗത്തുനിന്നുളള വ്യത്യസ്തമായ ഒരു പരീക്ഷണം മാത്രമാണിതെന്നും താരം പറഞ്ഞു.
മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ, ചിത്രത്തെ മുന്നോട്ടുകൊണ്ട് പോകേണ്ടത് പ്രേക്ഷകന്‍റെ ഉത്തരവാദിത്വമാണ്. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിന് തുടര്‍ച്ചയായി സമൂഹത്തിന് മടക്കി നൽകുന്ന ഒരു കാര്യമായാണ് ബറോസിനെ കണ്ടത്. കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു. എന്നാൽ, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകൾ ചിത്രത്തെ വിമർശിച്ച് രംഗത്തുവരുന്നു. വിമർശനങ്ങളെ സ്വീകരിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു കാര്യത്തെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയുമായോ ബറോസ് താരതമ്യം ചെയ്യണമെന്ന് എവിടേയും അവകാശപ്പെട്ടിട്ടില്ല. എന്നിൽ നിന്നും എന്‍റെ ടീമിൽ നിന്നും വ്യത്യസ്തമായ ഒരു പരീക്ഷണം മാത്രമാണിത്.
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം.