kamal-wealth-jolly

ഉലകനായകന്‍ കമല്‍ഹാസന്‍റെ സ്വത്തുവകകളെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി നിര്‍മാതാവ് ജോളി ജോസഫ്. 450 കോടി സമ്പത്തുള്ള ഏറ്റവും സമ്പന്നനായ നടനാണ് ഉലകനായകനെന്ന തരത്തില്‍ വാര്‍ത്തകളെ അദ്ദേഹത്തിന്‍റെ സഹോദരന്‍ ചാരുഹാസന്‍ തന്നെ നിഷേധിച്ചുവെന്നും ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞമാസം തനിക്ക് മെയില്‍ അയച്ചുവെന്നും ജോളി ജോസഫ് പറയുന്നു. ശ്വസിക്കുന്ന പ്രാണവായുവില്‍ പോലും സിനിമയുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് കമല്‍ഹാസന്‍. ഇല്ലാത്ത സമ്പത്തിനെ കുറിച്ച് പറയുന്നത് അദ്ദേഹത്തിന്‍റെ സിനിമകളെ ഇഷ്ടപ്പെടാത്തൊരു ലോകത്തിന്‍റെ വെറുപ്പാണെന്നും കത്തില്‍ പറയുന്നു. ജോളി ജോസഫിന് ചാരുഹാസന്‍ അയച്ച കത്തിങ്ങനെ..

'450 കോടി സമ്പത്തുള്ള, ഏറ്റവും സമ്പന്നനായ നടൻ കമലഹാസൻ ആണെന്ന് സോഷ്യൽ മീഡിയയിൽ വായിക്കാൻ ഇടയായി. സത്യവും അസത്യവും എന്താണെന്ന് യുക്തിസഹമായ അറിവുള്ള ഞാൻ ശ്രീ.കമലഹാസന്റെ ജ്യേഷ്ഠനാണ്. ചില സിനിമകളിൽ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഏതാണ്ട് തകർന്നിരുന്നു. കടക്കാരുടെ കുടിശിക അടയ്ക്കാൻ തന്റെ എല്ലാ സ്ഥാവര വസ്തുക്കളും വിൽക്കാൻ കമല്‍ തയ്യാറായി. തന്റെ സിനിമകൾ മറ്റ് നടന്മാരുടെ/താരങ്ങളുടെ വിജയത്തിന് അടുത്തുപോലും എത്തിയില്ല എന്ന പരമസത്യം മനസ്സിലാക്കി ടിവിയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം കടക്കാർക്ക് പണം നൽകാൻ തന്റെ വീടുകൾ ഉൾപ്പടെ എല്ലാ സ്വത്തുക്കളും വിൽക്കുമെന്ന് സമ്മതിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഒരു ഹോട്ടൽ മുറിയിൽ താമസിക്കുകയും അതേ ഹോട്ടലിൽ തന്റെ ജന്മദിന ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ചില ആരാധകർ അവരുടെ ചെലവിൽ ക്ഷണിച്ചതിനാൽ അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ ഇല്ലാത്ത സമ്പത്തിനെക്കുറിച്ച് പറയുന്ന മണ്ടത്തരങ്ങൾ, അദ്ദേഹത്തിന്റെ സിനിമകളെ ഇഷ്ടപെടാത്ത ലോകത്തിന്റെ വെറുപ്പാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം അഭിനയിക്കുമ്പോൾ ലഭിച്ച പ്രതിഫലം രജനികാന്തിന്റെ അഞ്ചിലൊന്ന് മാത്രമായിരുന്നു. തീർച്ചയായും തീയേറ്റർ കലക്ഷന്റെ അന്തിമഫലവും അങ്ങനെയായിരുന്നു...! കമലാഹാസനേക്കാൾ കൂടുതൽ പ്രതിഫലം ഈടാക്കിയ മറ്റ് കലാകാരന്മാരുടെ പേരുകൾ പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയ ഉടൻ തന്നെ രജനി ചിത്രങ്ങൾ കൂടുതൽ കളക്ഷൻ നേടിയിരുന്നു എന്നത് പരസ്യമായ വസ്തുതയാണ്. 

സ്വന്തം സിനിമകളുടെ പരാജയ സമ്മതം ലോകത്തെ ടിവിസ്‌ക്രീനിലൂടെ അറിയിച്ച ഒരേയൊരു നടൻ കമൽഹാസനാണ്. എല്ലാ കുടിശികയും അടച്ച് ജീവിതം പുനരാരംഭിക്കാൻ അദ്ദേഹം തയ്യാറുമാണ് . ഒരുപക്ഷെ ലോകത്ത് മറ്റൊരു നടനും ഇത്തരത്തിൽ സമ്മതം അറിയിച്ചിട്ടില്ല എന്നുകൂടിയോർക്കണം.'

ആരൊക്കെ കളിയാക്കിയാലും വിമർശിച്ചാലും എന്തൊക്കെ സംഭവിച്ചാലും ശ്വസിക്കുന്ന പ്രാണവായുവിൽ പോലും സിനിമ ഉണ്ടെന്നു വിശ്വസിക്കുന്ന കലയെ ജീവിതത്തിൽ നിന്നും ഒരിക്കലും അടർത്തിമാറ്റാനാവാത്ത അതിനുവേണ്ടി മാത്രം ജീവിക്കുന്ന, ഒരുപാട് വിജയപരാജയങ്ങൾ നേരിട്ട, തീയിൽ കുരുത്ത് വെയിലത്ത് വാടാത്ത വടവൃക്ഷമായ 70കാരൻ കമൽഹാസൻ സർ എന്ന ഉലകനായകൻ ഇവിടെയൊക്കെ തന്നെയുണ്ടാകും തീര്‍ച്ചെന്നും ജോളി ജോസഫ് കൂട്ടിച്ചേര്‍ത്തു.