TOPICS COVERED

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്​സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ് ഈ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ്. യഷിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ പ്രത്യേക ഗ്ലിംപ്സ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ യഷിനെ പറ്റിയുള്ള ഗീതുവിന്‍റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ടോക്​സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്​സ് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുമെന്നും നമ്മുടെ ഉള്ളിലെ കാലാപങ്ങളെ പ്രകോപിപ്പിക്കുമെന്നും ഗീതു കുറിച്ചു. യഷിനെ അറിയുന്നവർക്കും  പിന്തുടരുന്നവർക്കും അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ വളരെ നിഗൂഢമാണെന്ന് ഗീതു പറയുന്നു. 

മറ്റുള്ളവർ സാധാരണം എന്ന് കല്‍പ്പിക്കുന്നിടത്ത് അസാധാരണമായത് കാണുന്ന ഒരു മനസിനൊപ്പം ടോക്സിക്കിന്‍റെ ലോകം എഴുതാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ഒപ്പം ആവേശകരവുമാണ്. നമ്മുടെ രണ്ട് ചിന്താധാരകൾ കൂട്ടിച്ചേരുമ്പോൾ, അതിന്‍റെ ഫലം വിട്ടുവീഴ്ചകളോ പ്രശ്​നങ്ങളോ ആയിരുന്നില്ല, അത് അതിർത്തികളും ഭാഷകളും സാംസ്കാരിക പരിമിതികളും കടന്ന്, കൊമേഴ്​സ്യല്‍ സിനിമയുടെ കൃത്യതയും കലാപരമായ വീക്ഷണവും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന പരിവർത്തനമായിരുന്നു, ഗീതു കുറിച്ചു. 

കലയുടെ സൃഷ്ടി പവിത്രമാണെന്ന് യഷ് എന്നെ പഠിപ്പിച്ചു. ഇതൊരു സംവിധായിക അവരുടെ നടനെ പറ്റി മാത്രം പറയുന്നതല്ലെന്നും യഷിന്‍റെ  അചഞ്ചലമായ അഭിനിവേശവും സർഗ്ഗാത്മകതയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആർക്കും പറയാനാവുന്നതാണ്. ഞങ്ങളുടെ മോൺസ്റ്റർ മനസ്സിന് ജന്മദിനാശംസകൾ എന്ന് പറഞ്ഞാണ് ഗീതു കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം ഗ്ലിംപ്​സ് പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിതിന്‍ കുറിച്ചത്. ഇതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.  

ENGLISH SUMMARY:

Geethu Mohandas's note about Yash is getting attention