സിനിമ ചെയ്യാത്തതിന് ആരാധകരില്‍ നിന്ന് നിരന്തരം വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന താരമാണ് അജിത്ത്. യാത്രകള്‍ക്ക് പുറമേ റേസിങ്ങിനോടും അദ്ദേഹം തല്‍പ്പരനാണ് അദ്ദേഹം. ഡ്യൂപ്പിനെ ഉപയോഗിക്കാതെ അതിസാഹസിക റേസിങ് രംഗങ്ങള്‍ ചെയ്യുന്ന അജിത്തിനെ അമ്പരപ്പോടെയാണ് പലപ്പോഴും പ്രേക്ഷകര്‍ കാണുന്നത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അജിത്. ഈ സമയത്ത് സിനിമകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയുകയാണ് അജിത്ത്.
റേസിങ്ങിന്‍റെ സമയത്ത് താന്‍ സിനിമകളൊന്നും ചെയ്യില്ലെന്നും റേസിങ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ചെയ്യേണ്ട സിനിമകള്‍ ചെയ്യുമെന്നും അജിത്ത് പറഞ്ഞു. 24എച്ച് സീരിസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമകളുടെ ഷൂട്ടിങ്ങിനൊപ്പം റേസിങ് ചെയ്യാന്‍ സിനിമാ കരാറുകള്‍ അനുവദിക്കുമോ എന്ന ചോദ്യത്തോടായിരുന്നു താരത്തിന്‍റെ പ്രതികരണം.
''എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന് എന്നോട് പറയേണ്ടതില്ല. ഇപ്പോള്‍, ഒരു ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ടീം ഉടമ എന്ന നിലയിലും മോട്ടോര്‍സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടാനാണ് എന്‍റെ പദ്ധതി. അതിനാല്‍ റേസിങ് സീസണ്‍ ആരംഭിക്കുന്നതുവരെ, ഞാന്‍ സിനിമകളില്‍ ഒപ്പുവെക്കില്ല. റേസിങ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ, ഞാന്‍ മിക്കവാറും സിനിമകള്‍ ചെയ്യും. ആരും വിഷമിക്കേണ്ട കാര്യമില്ല ഞാന്‍ സിനിമകളില്‍ അഭിനയിക്കും,' അജിത്ത് പറഞ്ഞു.
18 വയസുള്ളപ്പോഴാണ് ഇന്ത്യയില്‍ താന്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ്ങിലേക്ക് വരുന്നതെന്നും അതിനുശേഷമാണ് സിനിമകളില്‍ അഭിനയിച്ചതെന്നും അജിത്ത് പറഞ്ഞു. 'റേസിങ്ങില്‍ വന്നതിനുശേഷം പിന്നീട് ജോലിയുടെ തിരക്കുകളിലായി. എന്നാല്‍ 1993 വരെ എനിക്ക് ഒരു 20-21 വയസുള്ളപ്പോള്‍ വരെ ഞാന്‍ റേസില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് ഞാന്‍ സിനിമാ മേഖലയിലേക്കെത്തുന്നത്. 2002-ല്‍ 32 വയസുള്ളപ്പോഴാണ് പിന്നീട് ഞാന്‍ മോട്ടോര്‍ റേസിങ്ങിലേക്ക് തിരികെ വരാന്‍ തീരുമാനിക്കുന്നത്. പക്ഷേ മോട്ടോര്‍ സൈക്കിളുകളിലായിരുന്നില്ല, ഫോര്‍ വീലറുകളിലായിരുന്നു,' അജിത് പറഞ്ഞു.