rashmika-mandana-injury

അനിമൽ, പുഷ്പ 2: ദ് റൂൾ തുടങ്ങി ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകളിലൂടെ തെന്നിന്ത്യയുടെ വിജയ നായികയായി തുടരുകയാണ് രശ്മിക മന്ദാന. നിലവില്‍ സൽമാൻ ഖാന്‍ നായകനാകുന്ന 'സിക്കന്ദർ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് താരം. ഇതാദ്യമായാണ് സല്‍മാനും രശ്മികയും ജോഡികളായി സ്ക്രീനില്‍ എത്തുന്നത്. അതേസമയം, ജിമ്മില്‍ വ്യായാമത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് രശ്മിക മന്ദാന വിശ്രമത്തിലാണെന്നും ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

താരത്തിന് വ്യായാമത്തിനിടെ പരുക്കേറ്റെന്നും വിശ്രമത്തിലാണെന്നും സുഖംപ്രാപിച്ചുവരികയാണെന്നുമാണ് രശ്മികയുടെ ഏറ്റവും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ രശ്മിക നായികയായ ചിത്രങ്ങളുടെ ഷൂട്ടിങും  താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രശ്മികയുടെ പരിക്ക് ആരാധകരിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും വളരെ വേഗം തന്നെ താരം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ  ഷൂട്ടിങ് പുനരാരംഭിക്കും.

ജനുവരി 10നാണ് രശ്മിക മന്ദാനയും സൽമാൻ ഖാനും ജോടികളായെത്തുന്ന സിക്കന്ദറിന്‍റെ അവസാന ഷെഡ്യൂൾ ആരംഭിക്കുന്നത്. മുംബൈയിലാണ് ചിത്രീകരണം. ഈ ഷെഡ്യൂളുകളില്‍ മാറ്റമുണ്ടാകുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ചിത്രം മാർച്ചിൽ റിലീസ് ചെയ്യാനാണ് പദ്ധതി. സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. എ.ആർ.മുരുഗദോസ് സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തിൽ കാജൽ അഗർവാൾ, രശ്മിക, സത്യരാജ്, ശർമാൻ ജോഷി, പ്രതീക് ബബ്ബർ എന്നിവർക്കൊപ്പം സൽമാൻ ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്.

ഒരു പതിറ്റാണ്ടിന് ശേഷം സാജിദ് നദിയാദ്‌വാലയുമായി സൽമാൻ ഖാന്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈദ് റിലീസായിട്ടായിരിക്കും ചിത്രമെത്തുക. സിക്കന്ദറിനെ കൂടാതെ രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ദി ഗേൾഫ്രണ്ട്’ ആണ് രശ്മികയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്‍റെ ടീസർ അടുത്തിടെ വിജയ് ദേവരകൊണ്ട പുറത്തിറക്കിയിരുന്നു. കൂടാതെ അല്ലു അര്‍ജുന്‍– രശ്മിക ജോടികളുടെ പുഷ്പ 2: ദി റൂളിന്‍റെ 20 മിനിറ്റ് ബോണസ് ഫൂട്ടേജ് ഉൾക്കൊള്ളുന്ന പുഷ്പ 2: ദി റൂൾ റീലോഡഡ് ജനുവരി 17 മുതൽ തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

South Indian superstar Rashmika Mandanna pauses projects, including Sikandar with Salman Khan, after a gym injury.