നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി തെലുങ്ക് സംവിധായകന്‍ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷു അംബാനിക്കെതിരെയായിരുന്നു സംവിധായകന്‍റെ അശ്ലീല വാക്കുകള്‍. സംഭവം വിവാദമായതോടെ സംവിധായകന്‍ മാപ്പ് പറഞ്ഞ് വിഡിയോ പുറത്തുവിട്ടു.
ത്രിനാഥ റാവുവിന്‍റെ പുതിയ ചിത്രം 'മസാക്ക'യുടെ ടീസര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു പരാമര്‍ശങ്ങള്‍. സന്ദീപ് കിഷൻ, റിതു വർമ്മ, അൻഷു അംബാനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മസാക്ക. 'തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം' എന്ന് താന്‍ നടിയോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്.
നാഗാര്‍ജുനയുടെ 'മന്‍മധുഡു' എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം. തന്‍റെ സിനിമയിൽ അൻഷുവിനെ കാസ്‌റ്റ് ചെയ്‌തതിലുള്ള സന്തോഷം പ്രകടിപ്പിച്ചാണ് ത്രിനാഥ സംസാരിച്ച് തുടങ്ങിയത്. അവളെ കാണാൻ വേണ്ടി മാത്രം 'മൻമധുഡു' എന്ന സിനിമയിൽ കണ്ടെന്ന് ത്രിനാഥ റാവു പറഞ്ഞു.
‘എങ്ങനെയാണ് ഈ പെണ്‍കുട്ടി ഇത്ര സുന്ദരിയായത് എന്ന് എന്നെ അതിശയിപ്പിക്കാറുണ്ട്. ഇവള്‍ എങ്ങനെയായിരുന്നു എന്നറിയാന്‍ മന്‍മധുഡു കണ്ടാല്‍ മതി. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാനും വലുപ്പം വെയ്ക്കാനും പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു. അടുത്ത ചിത്രത്തിന് അനുയോജ്യമാകും എന്നിങ്ങനെയായിരുന്നു സംവിധായകന്‍റെ വാക്കുകള്‍.
ഇത് ആദ്യമായല്ല സംവിധായകന്‍ വിവാദത്തില്‍പ്പെടുന്നത്. 2024ല്‍ നടി പായല്‍ രാധാകൃഷ്ണനെ പറ്റി സംസാരിച്ചും ത്രിനാഥ കുഴപ്പത്തിലായിട്ടുണ്ട്. പായല്‍ സെറ്റില്‍ എന്നെ ഒഴിച്ച് എല്ലാവരെയും കെട്ടിപിടിക്കാറുണ്ടെന്നായിരുന്നു ത്രിനാഥയുടെ വിവാദപരാമര്‍ശം.