shiyas-karim-boche

ഹണി റോസ് വിഷയത്തില്‍ ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതിൽ തനിക്ക് വിഷമമുണ്ടെന്ന് റിയാലിറ്റി ഷോ താരമായ ഷിയാസ് കരീം. ബോഡി ഷെയ്മിങ് നടത്തി എന്ന കാരണത്തിന് ഒരാൾ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോയെന്നും ഷിയാസ് ചോദിച്ചു. ബൊച്ചേയുടെ സ്വഭാവം അങ്ങനെയാണ് അദ്ദേഹം മാപ്പ് ചോദിച്ചതാണ് അപ്പോള്‍ ഹണിക്ക് വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമയിരുന്നു. കൊലപാതകിയും മയക്ക് മരുന്ന് ഉപയോഗിക്കുന്നവരും മറ്റു വലിയ തെറ്റുകൾ ചെയ്യുന്നവരുമാണ് ജയിലിൽ പോകേണ്ടതെന്നും അത്തരക്കാരെയൊന്നും തൊടാൻ പൊലീസ് ധൈര്യപ്പെടില്ലെന്നും ഷിയാസ് കരീം  പറഞ്ഞു.  ബോഡി ഷെയ്മിങ് തെറ്റാണെന്നും രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ടെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. 

ബോച്ചെയെ കഴുത്തില്‍ പിടിച്ചു തള്ളുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. അത്രവലിയ തെറ്റൊന്നും ബോച്ചേ ചെയ്തിട്ടില്ല. സ്ത്രീകൾ അവർക്കു കിട്ടുന്ന നിയമപരമായ ആനുകൂല്യങ്ങൾ മുതലെടുക്കുകയാണെന്നും ഷിയാസ് കരീം വിമര്‍ശിച്ചു. 

ഷിയാസ് കരീം പറഞ്ഞ വാക്കുകള്‍...

‘എനിക്ക് ഭയങ്കര വിഷമം തോന്നി. ഇതു വലിയ വിഷയം ആണോ എന്ന് ചോദിച്ചാൽ സ്ത്രീകളെ സംബന്ധിച്ച് അതൊരു വിഷയം തന്നെയാണ്. പക്ഷേ ഈ ലോകം സ്ത്രീകളും പുരുഷന്മാരും ഒക്കെ തിങ്ങി നിറഞ്ഞു ജീവിക്കുന്ന സ്ഥലമാണ്. രണ്ടുപേരും ഇക്വാലിറ്റിക്ക് വേണ്ടിയാണല്ലോ ഇവിടെ മത്സരിക്കുന്നത്. അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ച ചെയ്യണം. ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്.  ഒരു വ്യക്തിയെ വേറൊരു വ്യക്തിയെ കൊണ്ട് നന്നാക്കാൻ ഈ ലോകത്ത് പറ്റില്ല. പിന്നെ അയാൾ ജയിലിൽ പോയി.  അതിനോടൊന്നും ഞാൻ യോജിക്കുന്നില്ല. കാര്യം ഇവിടെ കൊലപാതകം ചെയ്ത ആളുകൾ പോലും ജയിലിൽ പോകുന്നില്ല. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന  ആളുകളെ പിടിച്ചാൽ പോലും ജയിലിൽ പോകുന്നില്ല. ഒരാളെ കൊല്ലുന്നതോ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതോ ഇതൊക്കെയാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ വിഷയം എന്ന് ഞാൻ വിശ്വസിക്കുന്നു. 

ഒരു കമന്റ് അടിച്ചു അല്ലെങ്കിൽ അങ്ങനെയൊക്കെ ബോഡി ഷെയ്മിങ് നടത്തി, ഇതൊക്കെ വളരെ മോശമാണെങ്കിൽ പോലും ഇതിനൊക്കെ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നാണ് ഞാൻ ആലോചിക്കുന്നത്. കേസ് വലുത് തന്നെയാണ്, ഒരു സ്ത്രീയെ ബോഡി ഷെയ്മിങ് ചെയ്യുക അല്ലെങ്കിൽ ബോഡിയെ പറ്റി പറയുന്നത് വളരെ മോശമാണ്. പക്ഷേ അതിനു ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ. കൊടും ഭീകരമായ തെറ്റുകൾ ചെയ്ത ആളുകളാണ് ജയിലിൽ പോവുക. എന്റെ പേരിലും വ്യാജമായ വാർത്ത വന്നിരുന്നു.  ഞാൻ അന്ന് ചിന്തിച്ച ഒരു കാര്യമുണ്ട്. ഒന്നോ രണ്ടോ മൂന്നോ നാലോ ദിവസം നമ്മൾ ജയിലിൽ പോയി കഴിഞ്ഞാൽ നൂറ് ദിവസം കിടന്നതിനു തുല്യമാണ്. ജയിലിൽ പോകുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇപ്പോൾ അയാൾക്ക് കുറ്റബോധം ഉണ്ടാകും. എന്നാൽ രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവർത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.  

കാര്യം ബോഡിയിൽ കയറി ബലമായി അങ്ങനെ അറ്റാക്ക് ചെയ്യുകയോ അല്ലെങ്കിൽ സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോഴാണ് ജയിലിൽ പോകേണ്ടി വരേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. കള്ള് കുടിച്ച് വണ്ടി ഓടിച്ച് ആളുകളെ കൊല്ലുന്നുണ്ട്, ആ കുറ്റകൃത്യം ചെയ്യുന്നവരുടെ ലൈസൻസ് അല്ലേ കട്ട് ആവുന്നുള്ളൂ. ഒരാളെ വണ്ടി ഇടിച്ചു കൊല്ലുകയാണ്, ജീവൻ പോകുന്ന കാര്യമാണ്. അപ്പോഴും ലൈസൻസ് മാത്രമേ കട്ട് ആവുകയുള്ളൂ. നിയമം കുറച്ചൊക്കെ മാറാനുണ്ട്. നമ്മുടെ നാട്ടിൽ നിയമത്തിലുള്ള ചില ആനുകൂല്യങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതുപോലെതന്നെ നല്ല കേസുകൾ ഉണ്ട്. ചില കേസുകൾ അവർ ഭീകരമായിട്ട് മുതലെടുക്കുന്നു.  

ഓരോ ആളുകൾക്കും അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഞാൻ ഒരു സിക്സ് പാക്ക് ഉള്ള ഒരാളാണെങ്കിൽ സിക്സ് പാക്ക് കാണുന്ന തരത്തിൽ വസ്ത്രം ധരിക്കും. കാരണം അത് എന്റെ ശരീരമാണ്. മറ്റുള്ളവർക്ക് വേണ്ടി എന്റെ ഡ്രസ്സിങ് മാറ്റണം എന്ന് പറയാൻ പറ്റില്ല. അക്കാര്യത്തിൽ ഹണി റോസിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. ആ സ്ത്രീയുടെ ഭാഗത്ത് തന്നെയാണ് ഞാൻ നിൽക്കുന്നത്. പക്ഷേ ഇങ്ങനെയൊരു കേസിൽ ജയിലിൽ പോകേണ്ട കാര്യം ഉണ്ടോ എന്നൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്. 14 ദിവസം റിമാൻഡ് ചെയ്യേണ്ട ആവശ്യമുണ്ടോ ? അത്ര വലിയ കുറ്റമൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും ഞാൻ വിശ്വസിക്കുന്നു. ഹണി റോസിനെയും ഞാൻ കുറ്റം പറയുന്നില്ല. സ്ത്രീ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്താൽ അതിനടിയിൽ വന്ന് മോശം കമന്റ് ഇടുന്നവന്മാർ ശ്രദ്ധിക്കുക.  ഭയങ്കര കുറ്റമാണത്. അതുപോലെ പബ്ലിക് വേദിയിൽ സ്ത്രീകളെ കമന്റ് അടിക്കുന്നവരും ശ്രദ്ധിക്കുക. ഇത് നമ്മുടെ നിയമത്തിന്റെ ഒരു മുന്നറിയിപ്പ് ആയിരിക്കാം.

ബോച്ചേ ജയിലിൽ പോയത് കണ്ടപ്പോൾ ഭയങ്കര വിഷമമായി പോയി. നല്ല പ്രായമുണ്ട് അയാൾക്ക്. അയാളെ കഴുത്തിൽ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോൾ വിഷമം തോന്നി. അതിനേക്കാൾ കൊടും ക്രിമിനൽസ് ഇവിടെ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്. അവരെ പോയി തൊടാനുള്ള ഒരു ധൈര്യം പൊലീസുകാർക്കില്ല.  അയാളെ കഴുത്തിൽ പിടിച്ച് ജീപ്പിലേക്ക് തള്ളുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. കാരണം അത്ര വലിയ കുറ്റം ഒന്നും അയാൾ ചെയ്തിട്ടില്ല.  ഭീകരമായിട്ടുള്ള കുറ്റമാണോ ഒരു സ്ത്രീയെ കമന്റ് അടിച്ചു, അല്ലെങ്കിൽ ഉദ്ഘാടനത്തിൽ കൈ പിടിച്ചു കറക്കി. അങ്ങനെ ഒരു കമന്റ് അടിച്ചു, അതിനു അയാൾ മാപ്പ് പറയുകയും ഒക്കെ ചെയ്തു എന്ന് തോന്നുന്നു. 

ഞാൻ ഇതിൽ അഭിപ്രായം പറയാൻ വലിയആളൊന്നുമല്ല. പക്ഷേ എന്നാലും എന്റെ അഭിപ്രായം ഇതാണ്. നിങ്ങൾ ചോദിച്ചതുകൊണ്ട് പറഞ്ഞതാണ്. ദയവ് ചെയ്ത് എന്നെ കുറ്റം പറയരുത്. ഞാൻ ഈ രണ്ടുപേരുടെയും ഭാഗത്തല്ല. ബൊച്ചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാൻ പറയുകയുള്ളൂ. ഈ ലോകത്ത് വിട്ടുവീഴ്ച, അങ്ങോട്ടും ഇങ്ങോട്ടും ഒരു മ്യൂച്വൽ അണ്ടർസ്റ്റാൻഡിങ് വേണം. അങ്ങനെയുള്ള ആളുകൾ മാത്രമാണ് ഈ ലോകത്ത് വിജയിച്ചിട്ടുള്ളൂ. അങ്ങനെ വ്യക്തിപരമായ വൈരാഗ്യങ്ങളും വാശിയും കൊണ്ട് ഒരാളെ ജയിലിൽ ഇടുക ഒക്കെ കഷ്ടമാണ്. ഹണി റോസിന്റെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ വന്നു കമന്റ് ഇടാറുണ്ട്, ഒരുപാട് ആളുകളെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇനിയെങ്കിലും ശ്രദ്ധിക്കുക. 

ഒരു മൊബൈൽ ഉണ്ടെങ്കിൽ ഒരു ഫേക്ക് അക്കൗണ്ട് എടുത്തിട്ട് സോഷ്യൽ മീഡിയയിൽ മെന്റലി ഹറാസ് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവർക്കൊരു ഒരു വാണിങ് ആണ് ഈ ജയിലിൽ പോക്ക് എന്ന് ഞാൻ വിശ്വസിക്കുന്നു.  പക്ഷേ ബോച്ചേയുടെ കാര്യത്തിൽ പാവം തോന്നുന്നു.

ENGLISH SUMMARY:

Reality show star Shiyas Kareem expressed his sadness over Bobby Chemmanur being jailed in the Honey Rose case