താന്‍ എഴുതിയ പാട്ടുകള്‍ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടുപോയിട്ടുണ്ടെന്ന് ഗാനരചയിതാവ് വിദ്യാധരന്‍ മാസ്റ്റര്‍. ചില സിനിമകള്‍ റിലീസ് ആവാതെ പോയിട്ടുണ്ടെന്നും ചിലപ്പോള്‍ പാട്ടിന്‍റെ വളരെ കുറച്ച് ഭാഗങ്ങളെ സിനിമയില്‍ വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന 'കഥ പറയും പാട്ടുകള്‍' എന്ന സംഗീതസംഭാഷണത്തില്‍ സംസാരിക്കുകയിരുന്നു വിദ്യാധരന്‍.
'തീക്ഷ്ണതയോടെ ചെയ്ത ചില പാട്ടുകള്‍ സിനിമയില്‍ ചിത്രീകരിക്കപ്പെട്ടതുപോലുമില്ല. മറ്റു ചിലത് ചിത്രീകരിക്കപ്പെട്ടെങ്കിലും പടങ്ങള്‍ വെളിച്ചം കാണാതെ പോയി. ഇനിയും ചിലത് സിനിമയില്‍ നിന്ന് സൗകര്യപൂര്‍വം ഒഴിവാക്കപ്പെട്ടു. എങ്കിലും നിരാശയില്ല. ആ പാട്ടുകള്‍ മലയാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ചു എന്നതാണല്ലോ പ്രധാനം.
പി ഭാസ്‌കരന്റെ ക്ലാസിക് രചനയായ 'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം' എന്ന ഗാനം 'കാണാന്‍ കൊതിച്ച്' എന്ന ചിത്രത്തിന് വേണ്ടി എഴുതിയതാണ്. ചാരുകേശി രാഗത്തിന്റെ വ്യത്യസ്ത ഭാവം ആവിഷ്‌കരിച്ച 'കൃഷ്ണതുളസിയും മുല്ലയും' എന്ന പാട്ട് 'യാത്രാമൊഴി' എന്ന പടത്തിന് വേണ്ടിയും. രണ്ടു സിനിമകളും പുറത്തിറങ്ങിയില്ല. 'ഉത്തര'ത്തിലെ മഞ്ഞിന്‍ വിലോലമാം എന്ന കാവ്യഗീതം ആസ്വദിച്ച് ചെയ്തതാണ്. സിനിമ വന്നപ്പോള്‍ പാട്ടുകളുടെ പൊട്ടും പൊടിയും മാത്രമേ അതിലുള്ളൂ,' വിദ്യാധര്‍ മാസ്റ്റര്‍ പറഞ്ഞു.
തന്റെ ഒരു പാട്ട് ദേശീയ അവാര്‍ഡിന്റെ അവസാന റൗണ്ട് വരെ എത്തി പിന്തള്ളപ്പെട്ടിട്ടുണ്ടെന്നും വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു. 'മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എനിക്കാണെന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു, മുന്‍പ് എന്റെ ഒരു പാട്ട് ദേശീയ അവാര്‍ഡിന്റെ അവസാന റൗണ്ട് വരെ എത്തി പിന്തള്ളപ്പെട്ട കഥയാണ് ഓര്‍മവന്നത്.
'പാദമുദ്ര'യിലെ 'അമ്പലമില്ലാതെ ആല്‍ത്തറയില്ലാതെ' എന്ന പാട്ട് അവസാന നിമിഷം പിന്തള്ളപ്പെട്ടത് അതിന്റെ വരികളിലെ സഭ്യേതര പരാമര്‍ശം ചൂണ്ടിക്കാട്ടിയാണത്രേ. 'കാമനെ ചുട്ടൊരു കണ്ണില്‍ കനലല്ല കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ, കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍' എന്ന വരികള്‍ ജൂറിയിലെ ഏതോ അംഗം വികലമായി തര്‍ജമ ചെയ്തു കൊടുത്തതാണത്രേ പ്രശ്‌നമായത്,' വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.