പൊതുവേദിയില്‍ വച്ച് തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകന്‍ ത്രിനാഥ് റാവു നക്കിനയെ പിന്തുണച്ച് നടി അന്‍ഷു അംബാനി.
ലോകത്തെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യനാണ് ത്രിനാഥെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അന്‍ഷു പറഞ്ഞു. ഒരു കുടുംബാംഗത്തെ പോലെയാണ് സംവിധായകന്‍ തന്നെ നോക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം പോലെയാണ് എന്നെ നോക്കിയത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്‌നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്,' അന്‍ഷു പറഞ്ഞു.
വിവാദം അവസാനിപ്പിക്കണം. താന്‍ ഈ സിനിമയെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. തെലുങ്ക് സിനിമയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാന്‍ ഇതിലും മികച്ചൊരു സംവിധായകനില്ലെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.
ത്രിനാഥ റാവുവിന്‍റെ പുതിയ ചിത്രം 'മസാക്ക'യുടെ ടീസര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു പരാമര്‍ശങ്ങള്‍. 'തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം' എന്ന് താന്‍ നടിയോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. നാഗാര്‍ജുനയുടെ 'മന്‍മധുഡു' എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം. തന്‍റെ സിനിമയിൽ അൻഷുവിനെ കാസ്‌റ്റ് ചെയ്‌തതിലുള്ള സന്തോഷം പ്രകടിപ്പിച്ചാണ് ത്രിനാഥ സംസാരിച്ച് തുടങ്ങിയത്. അവളെ കാണാൻ വേണ്ടി മാത്രം 'മൻമധുഡു' എന്ന സിനിമയിൽ കണ്ടെന്ന് ത്രിനാഥ റാവു പറഞ്ഞു.
ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാനും വലുപ്പം വെയ്ക്കാനും പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു. അടുത്ത ചിത്രത്തിന് അനുയോജ്യമാകും എന്നിങ്ങനെയായിരുന്നു സംവിധായകന്‍റെ വാക്കുകള്‍.