രേഖാചിത്രം സിനിമ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനോട് താല്‍പ്പര്യം ഇല്ലെന്ന് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ. അഞ്ച് വര്‍ഷത്തോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. മലയാളത്തില്‍ മാത്രം ഉദ്ദേശിച്ച് പുറത്തിറക്കിയ ചിത്രം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനോട് താല്‍പ്പര്യം ഇല്ലെന്നും ജോഫിന്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതുമയുള്ള ഒരു ആഖ്യാനവുമായി രേഖാചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്നതിന്‍റെ സാധ്യതകളെ സ്‌ക്രീനില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. മമ്മൂട്ടി ചിത്രം ‘കാതോട് കാതോരം’ സിനിമയെ ചുറ്റിപ്പറ്റി മുന്നോട്ടു പോകുന്ന കഥയില്‍ അദ്ദേഹത്തിന്‍റെ ഫിസിക്കല്‍ പ്രസന്‍സ് ഒരിക്കല്‍പോലും വേണ്ടന്നത് തങ്ങളുടെ തീരുമാനമായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ പഴയ കാലഘട്ടം സിനിമയില്‍ കാണിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് പ്രയോജനപ്പെടുത്തി.
ചിത്രത്തിന്‍റെ ആലോചനാ വേളയില്‍ എഐ അത്ര പരിചിതമല്ലായിരുന്നു. അതുകൊണ്ടുതന്നേ ഒരു പ്ലാന്‍ എ തങ്ങള്‍ക്ക് ഉണ്ടായിരുന്നു. അത് ഉപയോഗിക്കേണ്ടിവന്നില്ല. എഐ വര്‍ക്കുകള്‍ കൊച്ചിയിലാണ് പൂര്‍ത്തീകരിച്ചത്. ജോണ്‍ പോള്‍ അടക്കമുള്ളവരുടെ ഭാഗം ഇത്തരത്തില്‍ ചിത്രീകരിച്ചതാണ്. പുതിയ സിനിമയ്ക്കായി പഴയ ചിത്രത്തിലെ താരങ്ങളെ കണ്ടത്തേണ്ടി വന്നതും വ്യത്യസ്ത അനുഭവമായിരുന്നുവെന്നും ജോഫിന്‍ ടി ചാക്കോ പറഞ്ഞു.
ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ ഒരുപാട് വ്യക്തികളുടെ ജീവിതത്തിലൂടെ സിനിമയുടെ കഥ പറഞ്ഞു പോകുന്നുണ്ട്. സിനിമയില്‍ പ്രതിപാദിക്കുന്ന ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു പോയവരുടെ ഉറ്റബന്ധുക്കളുടെയും അനുമതിയില്ലാതെ ഈ ചിത്രം തിയേറ്ററില്‍ എത്തുകയില്ല. ഒരുപാട് പേരുടെ എന്‍ഒസി ഈ സിനിമയ്ക്ക് വേണ്ടി വന്നു. തന്‍റെ ആദ്യ ചിത്രമായ ദി പ്രീസ്റ്റിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു രേഖാചിത്രമെന്നും ജോഫിന്‍ പറഞ്ഞു. 2018ല്‍ ആയിരുന്നു രേഖാചിത്രം എന്ന സിനിമയുടെ ആദ്യ രൂപം ചര്‍ച്ചയിലൂടെ ഉടലെടുക്കുന്നത്. സിനിമയുടെ കഥ രൂപപ്പെട്ടത് മുതല്‍ ആസിഫ് അലി തന്നെ പ്രധാന വേഷം കൈകാര്യം ചെയ്യണം എന്നുണ്ടായിരുന്നു. എന്നാല്‍ അനശ്വര രാജനെ കുറച്ച് വളരെ വൈകിയാണ് ചിന്തിച്ചത്. താരതമ്യേന വലിയ ചെലവുകളില്ലാതെ ചിത്രം പൂര്‍ത്തികരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരായ മേഘാ തോമസ്, ഭാമ അരുണ്‍, സറിന്‍ ഷിഹാബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. രേഖാ ചിത്രം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പഞ്ഞു.