ഒരു ആസ്വാദകൻ എന്ന നിലയിൽ തനിക്ക് അത്ഭുതവും, ആശ്ചര്യവും തന്ന സിനിമയാണ് രേഖചിത്രമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. 

സിനിമ കാണാൻ തിയേറ്ററിൽ പോയത് മുൻവിധിയോടു കൂടി തന്നെയാണെന്നും, എന്നാല്‍ അത്ഭുതപ്പെട്ടുപോയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  

അടുത്ത സുഹൃത്തായ ജോഫിന്റെ സിനിമ കാണുക, അവനോട്‌ അതിനെക്കുറിച്ച് പങ്കുവെക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ അവനെ വിളിച്ചു സ്വകാര്യമായി പറയുന്നതിനപ്പുറത്തേക്ക് ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് അത്ഭുതവും ,ആശ്ചര്യവും തന്ന സിനിമയാണ് രേഖചിത്രം.

സിനിമയ്ക്കിടയിലെ ഒരു പാട്ട് സീനിൽ നിന്നും കൊരുത്തെടുത്ത ത്രഡ്  സിനിമ കണ്ടു തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോഴും മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടെങ്കിൽ അത് ജോഫിന്റെ സംവിധാന മികവിനെ അടയാളപ്പെടുത്തുന്നതാണ്. 

ആൾട്ടർനേറ്റീവ് ഹിസ്റ്ററി  ജോണറിൽപ്പെടുന്ന സിനിമയുടെ ആദ്യന്തം കോർത്തിണക്കിയിരിക്കുന്നത് പ്രേക്ഷകനെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത വിധമാണ്. സിനിമയ്ക്കുള്ളിലെ സിനിമകൾ നാം അനേകം കണ്ടിട്ടുണ്ട്. പുതു വഴിയിലൂടെ പുതുമയുള്ള കഥകൾ പറയാൻ  ജോഫിൻ ചാക്കോക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

സിനിമയിലെ പോലീസ് വേഷത്തിൽ ആസിഫ് അലി മനോഹരമായി പ്രേക്ഷകനുമായി  സംവദിക്കുന്നുണ്ട്. അനശ്വര രാജനും  പാകതയുള്ള കഥാപാത്രമായി പകർന്നാടുന്ന സിനിമ, നിരന്തരം പുതുക്കുകയും പുതിയ പടവുകൾ താണ്ടുകയും ചെയ്യുന്ന മലയാള സിനിമയിൽ  ജോഫിൻ ചാക്കോ എന്ന സംവിധായകന്റെ പേര് രേഖപ്പെടുത്തുന്ന ചിത്രമാണ് രേഖാചിത്രം.

മനസ്സിനോട് ചേർന്നു നിൽക്കുന്ന  സുഹൃത്ത് എന്നതിനപ്പുറത്തേക്ക് പുതിയ കാലത്ത്  മലയാള സിനിമയെ മുന്നോട്ടു നയിക്കുന്ന  സംവിധായകനാണ്  ജോഫിൻ ചാക്കോ എന്ന അഭിമാനത്തോടെയാണ്  സിനിമ കണ്ട് തിയേറ്ററിൽ നിന്നിറങ്ങിയത്. ഇനിയുമേറെ സിനിമകളിലൂടെ പ്രേക്ഷകനെ പുതുവഴിയിലൂടെ സഞ്ചരിപ്പിക്കാൻ ജോഫിന് കഴിയട്ടെയെന്നും രാഹുല്‍ ആശംസിച്ചു. 

ENGLISH SUMMARY:

Rahul Mamkootathil with a review of Rekhachithram. Rekhachithram (transl. Composite sketch) is a 2025 Indian Malayalam-language mystery crime thriller film directed by Jofin T. Chacko, with a screenplay by John Manthrickal and Ramu Sunil. The film was produced by Kavya Film Company and Ann Mega Media.[6] It stars Asif Ali and Anaswara Rajan,[7] with Mammootty, Manoj K. Jayan, Siddique, Jagadish, Sai Kumar, Harisree Ashokan and Indrans in supporting roles