ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ്. തിലകന്‍. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. തന്റെ ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ട് ആ കഥാപാത്രത്തെ അഭിമന്യു ഗംഭീരമാക്കി. ശബ്ദത്തിന്റെ കാര്യത്തിലും അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ അഭിമന്യുവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പിതാവ് ഷമ്മി തിലകനും മാര്‍ക്കോ ടീമും. പ്രിയപ്പെട്ട മകന് ആശംസകള്‍ എന്നാണ് ഷമ്മി കുറിച്ചത്. നിരവധി ആരാധകരും പിറന്നാള്‍ ആശംസയുമായി രംഗത്ത് വന്നിട്ടുണ്ട്.  ‘ആദ്യ സിനിമയിൽ തന്നെ വില്ലൻ വേഷത്തിൽ എത്തുന്നതിന്റെ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. വെറുമൊരു വില്ലൻ അല്ലല്ലോ. അത്യാവശ്യം പെർഫോം ചെയ്യാൻ സ്പേസുള്ള, സിനിമ കാണുന്നവരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു വില്ലൻ വേഷമാണിത്. അതു കൊണ്ടു തന്നെ കഥ കേട്ടപ്പോൾ തന്നെ ഓക്കെ പറഞ്ഞു’ ആദ്യ സിനിമയെ പറ്റി അഭിമന്യുവിന്‍റെ വാക്കുകള്‍.