ജോജു ജോര്‍ജിന്‍റെ പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച . റിലീസിന് പിന്നാലെ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ച ചിത്രം ഒടിടി റിലീസോടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ചിത്രത്തിലെ വില്ലനായ സാഗര്‍ സൂര്യയുടെ പ്രകടനത്തിനാണ് ഏറ്റവും കൂടുതല്‍ കയ്യടി. ചെക്കൻ പൊളിയാണെന്നും കൂടെയുള്ള സിജു, തനി സൈക്കോയാണെന്നുമൊക്കെയാണ് അഭിപ്രായങ്ങള്‍. ജുനൈസാണ് സിജുവായി എത്തിയത്.
ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും ഒന്നിനോടൊന്ന് മികച്ചു നിന്ന ചിത്രത്തില്‍ ടോപ് പെര്‍ഫോര്‍മര്‍ സാഗർസൂര്യ ആണെന്നതിൽ ഒരു സംശയവും ആർക്കുമില്ല. കാണുന്നവര്‍ക്ക് തന്നെ പിടിച്ചൊന്ന് പൊട്ടിക്കാൻ തോന്നുന്ന ലെവൽ. പ്രക്ഷക പ്രതികരണം അങ്ങിനെ പോകുന്നു
ഗിരിയേട്ടനെ വരെ സൈഡ് ആക്കി കളഞ്ഞത്രേ ഡേവിയേട്ടന്‍റെ ഡീലിങ്സ്. മൊത്തത്തിൽ പണി ജോജു പറയുന്ന പോലെ അടിപൊളിയാണെന്നുമാണ് അഭിപ്രായങ്ങള്‍. ഇനിയും ഒരു സിനിമയ്ക്കുള്ള മരുന്ന് ജോജുവിന്‍റെ കൈയിൽ ഉണ്ടെന്നും നിരൂപകര്‍ക്ക് അഭിപ്രായമുണ്ട്.
ഒടിടി റിലീസിന് പിന്നാലെ പണി സിനിമ ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തിയിരുന്നു. ജനുവരി 16ന് സോണി ലിവില്‍ റിലീസ് ചെയ്ത് ചിത്രം ഗൂഗിള്‍ ട്രെന്‍ഡ്സ് എന്‍റര്‍ടെയിന്‍മെന്‍റ് വിഭാഗത്തില്‍ രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്തെത്തി. ഈ മാസത്തെ ഒടിടി റിലീസുകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പണി.
ഒടിടിയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതര ഭാഷക്കാരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. ജോജു ജോര്‍ജ് ആദ്യമായി സംവിധാന രംഗത്തേക്ക് എത്തിയ ചിത്രത്തിന്‍റെ രചനയും താരം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അഭിനയയുടെ ഭാര്യവേഷവും പ്രശംസിക്കപ്പെട്ടു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ എന്നിവരാണ് പണിയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.