കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ആട്ടം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രം രാജ്യന്തരതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ആട്ടത്തില്‍ മൂന്ന് ദേശീയ അവാര്‍ഡുകളും ലഭിച്ചിരുന്നു. അതേസമയം സംസ്ഥാന പുരസ്കാരം നിര്‍ണയിച്ചപ്പോള്‍ ആട്ടത്തിന് ഇടമില്ലാതെ പോയത് വ്യാപക ചര്‍ച്ചയാവുകയും ചെയ്തു
വിഷയത്തില്‍ പ്രതികരണം നടത്തുകയാണ് ആട്ടത്തിലെ നായിക സെറിന്‍ ഷിഹാബ്. അവാര്‍ഡുകള്‍ ജൂറിയുടെ വിവേചനത്തിനൊത്താണ് തീരുമാനിക്കപ്പെടുന്നതെന്നും അത് കിട്ടാതെവരുമ്പോള്‍ നിരാശയില്ലെന്നും സെറിന്‍ പറഞ്ഞു. അവാര്‍ഡിനെതിരെ പ്രതികരിക്കുന്നത് മോശമാണെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സെറിന്‍ പറഞ്ഞു.
'ആട്ടത്തിന് സംസ്ഥാന അവാര്‍ഡ് ഇല്ലെന്ന് അറിഞ്ഞപ്പോള്‍ നിരാശ ഒന്നുമില്ലായിരുന്നു. അവാര്‍ഡ് നിര്‍ണയം അത് നടത്തുന്ന ജൂറിയുടെ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. അത് ആത്മനിഷ്ടമായ തീരുമാനമാണ്. അതിനെതിരെ ഓരോന്ന് പറയുന്നത് മോശമാണ്. ഈ കിട്ടുന്ന അവസരങ്ങളെ പറ്റി സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല. തുടക്കകാരി എന്ന നിലയില്‍ നിലനില്‍പ്പിനെ പറ്റിയായിരുന്നു എന്‍റെ ചിന്തകള്‍. അതിനുമപ്പുറമാണ് ഇപ്പോള്‍ എന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത്.
അവാര്‍ഡ് ഒന്നും കിട്ടിയില്ലെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും ആട്ടം തങ്ങിനില്‍ക്കുന്നുണ്ട്. ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ആളുകള്‍ മെസേജ് അയക്കുന്നുണ്ട്. ഇതൊക്കെയാണ് കൂടുതല്‍ സന്തോഷം നല്‍കുന്നത്. രേഖാചിത്രം കണ്ടിട്ട് നിങ്ങളുടെ സിനിമ ആട്ടം കാണാന്‍ പോകുന്നു എന്ന് പറയുന്നവരുണ്ട്. അതൊക്കെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവുമാണ്,' സെറിന്‍ കൂട്ടിച്ചേര്‍ത്തു.
ആസിഫ് അലി നായകനായി ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമാണ് ഒടുവില്‍ പുറത്തുവന്ന താരത്തിന്‍റെ ചിത്രം. ചിത്രത്തിലെ സെറിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. സംവിധായകന്‍ നല്ലൊരു വേഷമാണ് തന്നതെന്ന് സെറിന്‍ പറഞ്ഞു. ആട്ടം കണ്ടാണ് തന്നെ ജോഫിന്‍ വിളിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും സെറിന്‍ പറഞ്ഞു.
സെറിന്‍ ഷിഹാബ് പങ്കെടുത്ത അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും മനോരമ മാക്സിലും കാണാം.