തുടര്‍ച്ചയായ ബ്ലോക്ക്ബസ്റ്ററുകളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ വിജയ നായികയായി തുടരുന്ന രശ്മിക മന്ദാന അപകടത്തെത്തുടര്‍ന്നുണ്ടായ പരുക്കില്‍ നിന്ന് സുഖംപ്രാപിക്കുന്നു. സല്‍മാന്‍ ഖാനും രശ്മികയും ഒന്നിക്കു ന്ന 'സിക്കന്ദറി'ന്‍റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് ജിമ്മില്‍ വച്ച് പരുക്കേറ്റത്. ഇക്കാര്യം അറിയിച്ച് രശ്മിക തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ സുഖംപ്രാപിച്ച് വരികയാണെന്നും വളരെ വേഗം സ്ക്രീനില്‍ തിരിച്ചെത്തുമെന്നും പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തു. എന്നാല്‍ വീല്‍ ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിയ രശ്മികയുടെ വിഡിയോ പുറത്തുവന്നതോടെ ആരാധകര്‍ വീണ്ടും ആശങ്കയിലായി.
‘സിക്കന്ദറി’ന്‍റെ പ്രമോഷന്‍റെ ഭാഗമായി മുംബൈയിലേക്ക് പോകാന്‍ രാവിലെ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം. കാറിൽ നിന്ന് ഇറങ്ങുമ്പോൾ നടക്കാന്‍ ബുദ്ധിമുട്ടിയ രശ്മികയ്ക്ക് സഹായികള്‍ വീല്‍ ചെയര്‍ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ആരാധകര്‍ പകര്‍ത്തിയ വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീല്‍ ചെയറില്‍ ഇരുന്ന് താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നുണ്ട്.
ജിമ്മില്‍ വര്‍ക്കൗട്ടിനിടെ താരത്തിന് പരുക്കേറ്റത്. രശ്മിക നായികയായ ചിത്രങ്ങളുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ താരം സെറ്റിലെത്തും.
മുംബൈയിലാണ് ‘സിക്കന്ദറി’ന്‍റെ ചിത്രീകരണം. മാർച്ചിൽ റിലീസ് ചെയ്യാനാണ് തീരുമാനം. സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. എ.ആർ.മുരുഗദോസ് സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രമാണ് ‘സിക്കന്ദര്‍’. ചിത്രത്തിൽ രശ്മിക, കാജൽ അഗർവാൾ, സത്യരാജ്, ശർമൻ ജോഷി, പ്രതീക് ബബ്ബർ എന്നിവർക്കൊപ്പം സൽമാൻ ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്.
ഒരു പതിറ്റാണ്ടിന് ശേഷം സാജിദ് നദിയാദ്‌വാലയുമായി സൽമാൻ ഖാന്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈദ് റിലീസായിട്ടായിരിക്കും ചിത്രമെത്തുക. ‘സിക്കന്ദറി’നെക്കൂടാതെ രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ദ് ഗേൾഫ്രണ്ട്’ ആണ് രശ്മികയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്‍റെ ടീസർ അടുത്തിടെ വിജയ് ദേവരകൊണ്ട പുറത്തിറക്കിയിരുന്നു. അല്ലു അര്‍ജുന്‍– രശ്മിക ജോടികളുടെ പുഷ്പ 2: ദി റൂളിന്‍റെ 20 മിനിറ്റ് ബോണസ് ഫൂട്ടേജ് ഉൾക്കൊള്ളുന്ന പുഷ്പ 2: ദി റൂൾ റീലോഡഡ് ജനുവരി 17 മുതൽ തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.