ആറുദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന നടന്‍ സെയ്ഫ് അലിഖാന്‍റെ വിഡിയോ വൈറല്‍. വീട്ടില്‍ കടന്നുകയറിയ മോഷ്ടാവ് സെയ്ഫിനെ ആറ് തവണയാണ് കുത്തിയത്. നട്ടെല്ലിനോട് ചേര്‍ന്നുള്ള മുറിവ് ഗുരുതരമായിരുന്നു എന്നാണ് വിവരം. എന്നാല്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചുവരുന്ന സെയ്ഫിന്റെ വിഡിയോ കണ്ട് സോഷ്യല്‍മീഡിയയ്ക്ക് സംശയം തീരുന്നില്ല. നട്ടെല്ലിന്‍റെ ഭാഗത്തടക്കം ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് ഇങ്ങനെ അനായാസം നടന്നുപോകാന്‍ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
സെയ്ഫിന്‍റെ നട്ടെല്ലിനു സമീപം തറച്ച കത്തിയുടെ ഭാഗങ്ങള്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയയും തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിയും നടത്തിയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും പുറത്തുവന്നു. ചോരയില്‍ കുളിച്ചാണ് സെയ്ഫ് ആശുപത്രിയിലെത്തിയതെന്നാണ് വിവരം. ഈ രീതിയില്‍ പരുക്കേറ്റ ഒരാള്‍ ആറുദിവസം കൊണ്ട് ഇത്ര ആരോഗ്യവാനായി മാറുമോ എന്നാണ് പല എക്സ് ഹാന്‍ഡിലുകളും ചോദിക്കുന്നത്. എക്സില്‍ പങ്കുവച്ച വിഡിയോയില്‍ താരം വേഗത്തില്‍ നടന്നുനീങ്ങുന്നതും ആളുകള്‍ക്ക് അഭിവാദ്യം നല്‍കുന്നതും കാണാം.
കയ്യില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റ അടയാളവും ഉണ്ട്. ഒരാഴ്ചകൊണ്ട് ആരോഗ്യം വീണ്ടെടുത്തതില്‍ മറ്റു പലതുമുണ്ടെന്നാണ് വിമര്‍ശകരുടെ ആരോപണം. പിആര്‍ സ്റ്റണ്ട് ആയിരുന്നോ എന്നുപോലും ചോദിക്കുന്നവരുണ്ട്. പൊലീസും ഡോക്ടര്‍മാരും സിനിമക്കാരും ചേര്‍ന്നൊരുക്കിയ തിരക്കഥയാണ് എന്ന് ചിലര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ വീട്ടില്‍വച്ച് മോഷ്ടാവിന്‍റെ ആക്രമണത്തില്‍ സെയ്ഫിനു പരുക്കേറ്റത്. ഓട്ടോറിക്ഷയിലാണ് നടനെ ലീലാവതി ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ഈ സംശയങ്ങള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടമാണ് കാണുന്നതെന്നായിരുന്നു ഒരു ഡോക്ടറുടെ കുറിപ്പ്. നട്ടെല്ലുമായി ബന്ധപ്പെട്ട മേജര്‍ ശസ്ത്രക്രിയയ്ക്കു പോലും ഒരു ദിവസത്തെ ആശുപത്രിവാസമേ ആവശ്യമുള്ളൂവെന്നും ബെഡ് റസ്റ്റിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്തിനാണ് ആവശ്യമില്ലാത്ത സംശയങ്ങളെന്ന് ചോദിച്ച് ഒട്ടേറെ ഡോക്ടര്‍മാര്‍ രംഗത്തെത്തുന്നുണ്ട്.