നടി സ്വാസിക വീണ്ടും വിവാഹിതയായിരിക്കുകയാണ്. വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ ഒരിക്കല്‍ കൂടി വിവാഹം കഴിക്കുകയാണെന്ന് നടി. സമൂഹമാധ്യമത്തില്‍ വിവാഹത്തിന്‍റെ വിഡിയോ സ്വാസിക പങ്കുവച്ചിട്ടുണ്ട്. തമിഴ് ആചാരപ്രകാരമാണ് ഇത്തവണ ഇരുവരും വിവാഹിതരായിരിക്കുന്നത്.
'ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. അതുകൊണ്ട് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഈ മുഹൂര്‍ത്തം മനോഹരമാക്കിയ എല്ലാവര്‍ക്കും നന്ദി. ഇതൊരു ഷൂട്ടിനു വേണ്ടി ചെയ്തതാണെങ്കിലും ശരിക്കും ഞങ്ങള്‍ വിവാഹിതരാകുന്നത് പോലെയാണ് തോന്നിയത്’ എന്ന കുറിപ്പിനൊപ്പമാണ് സ്വാസികയും പോസ്റ്റ്.
സെലിബ്രിറ്റികളടക്കം ഒട്ടേറെപ്പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം സീരിയല്‍ താരം പ്രേം ജേക്കബുമായി സ്വാസിക വിവാഹിതയായത്. ഇവരുടെ കുടുംബ ജീവിതത്തെക്കുറിച്ച് സ്വാസിക പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്‍റെ കാല്‍ തൊട്ട് വണങ്ങണം, ഭര്‍ത്താവ് കഴിച്ച പാത്രത്തില്‍ കഴിക്കണം എന്നടക്കമുള്ള വിവാഹസങ്കല്‍പങ്ങളെക്കുറിച്ച് സ്വാസിക മുന്‍പ് പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സ്വാസിക ചെയ്യുന്നുണ്ടെന്ന് പ്രേം പിന്നീട് വെളിപ്പെടുത്തി.
‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്‍റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്’, എന്നാണ് പ്രേം പറഞ്ഞത്.
തനിക്ക് തുല്യത വേണ്ടെന്നും ഭര്‍ത്താവിന് കീഴില്‍ ജീവിക്കുന്നതാണ് താല്‍പര്യമെന്നും സ്വാസിക പറഞ്ഞിട്ടുണ്ട്. ഇത് താന്‍ ഇന്നെടുത്ത തീരുമാനമല്ലെന്നും കൗമാര പ്രായത്തില്‍ തന്നെ ഇങ്ങനെ ജീവിക്കാന്‍ തീരുമാനമെടുത്തതാണെന്നും സ്വാസിക. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് ചോദിച്ചാല്‍ അറിയില്ലെന്നും വീട്ടില്‍ ആരും ഇങ്ങനെയല്ലെന്നും താരം പറഞ്ഞു. താന്‍ പറയുന്നതുകേട്ട് ആരും സ്വാധീനിക്കപ്പെടുരുതെന്നും സ്ത്രീകള്‍ തുല്യതയില്‍ വിശ്വസിക്കണമെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞിരുന്നു.