പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സാധാരണ സിനിമ തിയേറ്ററിലെത്തുന്നതിന് മുമ്പാണ് നമ്മള്‍ വാര്‍ത്താസമ്മേളനം നടത്താറുള്ളതെന്നും ഇത്തവണ ആരോഗ്യപ്രശ്നം മൂലം അതിന് സാധിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു.

സാധാരണ സിനിമ തുടങ്ങുന്നതിന് മുമ്പാണ് നമ്മള്‍ വാര്‍ത്താസമ്മേളനം നടത്താറ്. ഇത്തവണ എനിക്ക് ചെറിയൊരു പനി വന്നു, ചെറുതല്ല വലിയ പനി വന്നതുകൊണ്ടാണ് വാര്‍ത്താസമ്മേളനം വൈകിയത്. ഇപ്പോഴും പനി വിട്ട് മാറിയിട്ടില്ല. എന്നാലും ചൂടോടെ നിങ്ങളെ കാണാമെന്ന് കരുതി വന്നതാണ്. സിനിമ കാണാത്തവര്‍ക്ക് സ്പോയ്ലര്‍ ആവാത്ത തരത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആവുന്നതാണ് നല്ലത്.  – അദ്ദേഹം പറഞ്ഞു.  

ജനുവരി 23നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. റിലീസ് ദിനം മുതല്‍ തന്നെ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രം തന്നെ സൂപ്പർ ഹിറ്റായ ഗൗതം മേനോൻ മാജിക്ക് ആണ് ഇപ്പൊൾ തീയേറ്ററുകളിൽ കാണാൻ സാധിക്കുന്നത്.

മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചതിനുപിന്നാലെ രണ്ടാം ദിനത്തിൽ സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം ഇന്നുമുതല്‍ വർധിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു കോമഡി ത്രില്ലർ ആയൊരുക്കിയ ഈ ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രവും വിജയം നേടിയതോടെ 100% വിജയമാണ് മമ്മൂട്ടി കമ്പനി സ്വന്തമാക്കുന്നത്.

2025 എന്ന പുതിയ വർഷവും ഈ ചിത്രത്തിലൂടെ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് മമ്മൂട്ടി. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രത്തിൽ രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിരിയും ത്രില്ലും കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ട്വിസ്റ്റുകൾക്കും ക്ലൈമാക്സ് രംഗത്തിനുമൊക്കെ വലിയ കയ്യടിയാണ് തീയേറ്ററുകളിൽ മുഴങ്ങുന്നത്. 

മമ്മൂട്ടി, ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട് എന്നിവരുടെ ഗംഭീര പ്രകടനങ്ങൾക്കും പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.

ENGLISH SUMMARY:

Dominic and the Ladies' Purse Mammootty press conference