20 വർഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ച് തൃഷ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അമ്മ ഉമ കൃഷ്ണൻ .തൃഷ രാഷ്ട്രീയത്തിലേക്കില്ല. സിനിമയിൽ തുടരും. മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നും ഉമ കൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.
വിജയ്ക്ക് പിന്നാലെ തൃഷയും സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ . തൃഷയ്ക്ക് സിനിമ മടുത്തുവെന്നും സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്നും തമിഴ് സിനിമാ നിരീക്ഷകനായ വി.പി അനന്തനാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. സിനിമ വിടുന്നത് സംബന്ധിച്ച് അമ്മയും തൃഷയും തമ്മിൽ തർക്കത്തിലാണെന്നും അനന്തൻ ആരോപിച്ചു.
തുടർന്ന് തമിഴ് മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. എന്നാൽ ഈ പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും സിനിമ വിടുന്നതിനെ കുറിച്ച് തൃഷ ആലോചിക്കുന്നു പോലുമില്ലെന്നും അമ്മ ഉമ കൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.
വിജയ്യും തൃഷയും അടുപ്പത്തിലാണെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. നടി കീർത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചിറങ്ങിയ ഇവരൂളുടെ എയർപോർട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.