റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ‘അമ്മ’യില്‍ ദേശീയപതാക ഉയര്‍ത്തി മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാരിയരും. ‘അമ്മ’ സംഘടനയുടെ കൊച്ചി ഓഫിസിലായിരുന്നു ചടങ്ങുകൾ. ഒരു ഇടവേളയ്ക്കു ശേഷമാണ് മഞ്ജു വാരിയര്‍ ‘അമ്മ’യുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നത്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
നടൻ ശ്രീനിവാസന്‍, സുരേഷ് കൃഷ്ണ, ബാബുരാജ്, രമേഷ് പിഷാരടി, ജോമോൾ, പൊന്നമ്മ ബാബു, തെസ്നി ഖാൻ തുടങ്ങി ഒട്ടുമിക്ക താരങ്ങളും റിപ്പബ്ലിക് ദിനാഘോഷത്തിനായി എത്തിച്ചേര്‍ന്നിരുന്നു. ‘അമ്മ’ നടപ്പാക്കുന്ന സഞ്ജീവനി ജീവൻരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കഴിഞ്ഞ ദിവസം അമ്മയുടെ കുടുംബസംഗമം കൊച്ചിയിൽ നടന്നിരുന്നു. വൈവിധ്യമാർന്ന പരിപാടികൾ അംഗങ്ങൾക്കായി കുടുംബസംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.