രജനികാന്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫര്‍ തനിക്ക് ലഭിച്ചിരുന്നുവെന്ന് പൃഥ്വിരാജ്. ലൈക്ക പ്രൊഡക്ഷന്‍സാണ് തനിക്ക് ആ അവസരം തന്നതെന്നും എന്നാല്‍ തനിക്കതിന് സാധിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. എമ്പുരാന് ടീസര്‍ ലോഞ്ച് വേദിയിലാണ് പൃഥ്വിരാജിന്റെ തുറന്നുപറച്ചില്‍.
“രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ എനിക്ക് ആദ്യമായി അവസരം നൽകിയത് സുബാസ്കരൻ സാറാണ്. ഞങ്ങൾ എമ്പുരാനിൽ സഹകരിക്കുന്നതിന് മുമ്പ് ഈ ഓഫർ അദ്ദേഹമെനിക്ക് തന്നിരുന്നു. രജനി സാറിനെ സംവിധാനം ചെയ്യാനുള്ള അവസരം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു, പ്രത്യേകിച്ച് എന്നെപ്പോലൊരു പുതുമുഖ സംവിധായകന്. അവർക്ക് ഒരു ടൈംലൈൻ ഉണ്ടായിരുന്നു, ഞാൻ ഒരു പാർട്ട് ടൈം സംവിധായകൻ മാത്രമായതിനാൽ, എനിക്ക് രജനി സാറിനായി ഒരു സിനിമ കൊണ്ടുവരാൻ കഴിഞ്ഞില്ല, ” പൃഥ്വിരാജ് പറഞ്ഞു.
എമ്പുരാന്റെ നിര്‍മാണ പങ്കാളികളില്‍ ഒന്ന് ലൈക്ക പ്രൊഡക്ഷന്‍സാണ്. ലെയ്ക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണിത്. 2019-ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടർച്ചയാണ് എമ്പുരാന്. മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ഫാസിൽ, സാനിയ ഇയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അർജുൻ ദാസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മാർച്ച് 27-നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുക.