കുംഭമേളയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ താരമായ ' മൊണാലിസ' എന്ന മോനി ബോണ്‍സ്ലെയ്ക്ക് സിനിമയിൽ അഭിനയിക്കണമെന്ന് മോഹം. തന്റെ കുടുംബം സമ്മതിച്ചാൽ ഉറപ്പായും സിനിമയില്‍ അഭിനയിക്കുമെന്നാണ് മോനി ബോണ്‍സ്ലെ പറഞ്ഞത്.
സിനിമാഭിനയ മോഹം പരസ്യമാക്കിയതിന് പിന്നാലെ, മുംബൈയിലെ ചില സിനിമാപ്രവര്‍ത്തകര്‍ മൊണാലിസയുടെ കുടുംബത്തെ സമീപിച്ചുവെന്നാണ് സൂചന. ഇക്കാരണം കൊണ്ടാണ് മൊണാലിസ കുംഭമേളയില്‍നിന്ന് പെട്ടെന്ന് മടങ്ങിയതെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ, മോനി ബോണ്‍സ്ലെയെ കാണാന്‍ നിരവധിയാളുകൾ വരുകയും, ഇത് ഉപജീവനമാര്‍ഗമായ മാലവില്‍പ്പനയെ ബാധിക്കുകയും ചെയ്തതിനാലാണ് പെണ്‍കുട്ടി പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയതെന്നുമായിരുന്നു കുടുംബം പറഞ്ഞത്.
രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് മൊണാലിസയുടെ മൂത്തവര്‍. മൊണാലിസ പത്തുദിവസം കൊണ്ട് 10 കോടി സമ്പാദിച്ചുവോ എന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു. 10 കോടി കിട്ടിയെങ്കിൽ പിന്നെ എന്തിനാണ് താനും കുടുംബവും ഇപ്പോഴും മാല വില്‍ക്കുന്നത്?.
തന്റെ സുരക്ഷ കണക്കിലെടുത്താണ് കുംഭമേളയില്‍നിന്ന് മടങ്ങിയതെന്നും, അടുത്ത കുംഭമേളയ്ക്കും എത്തുമെന്നും മൊണാലിസ പറഞ്ഞിരുന്നു. കാണാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ, മൊണാലിസ സ്വദേശമായ ഇന്‍ഡോറിലേക്ക് മടങ്ങുകയായിരുന്നു.