മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ എംടി–ഹരിഹരന്‍ ടീമിന്‍റെ ‘ഒരു വടക്കൻ വീരഗാഥ’യുടെ 4K പതിപ്പ് പ്രദര്‍ശനത്തിന് തയാറായി. റീ–റിലീസിന് മുന്നോടിയായുള്ള പ്രിവ്യൂ ചെന്നൈയിൽ നടന്നു. ക്യൂബ്സ് ഫിലിംസിൽ നടന്ന പ്രിവ്യൂ ഷോയിൽ സംവിധായകൻ ഹരിഹരൻ, സിനിമയിൽ കണ്ണപ്പൻ ഉണ്ണിയായി അഭിനയിച്ച റഷീദ് തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച നിർമാതാവ് പി.വി.ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജിൽ, ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ചിത്രത്തിന്‍റെ റീ മാസ്റ്റേർഡ്–റീ എഡിറ്റഡ് പതിപ്പാകും പ്രേക്ഷകർക്ക് മുന്നിലെത്തുക.
1989ല്‍ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ.നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. കെ.രാമചന്ദ്രബാബു ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം.എസ്.മണിയായിരുന്നു എഡിറ്റിങ്. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘ഒരു വടക്കന്‍ വീരഗാഥ’ സിനിമാചരിത്രത്തില്‍ ഇടംനേടി.
മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ തിരക്കഥ, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം എന്നീ മേഖലകളിലും പുരസ്കാരങ്ങള്‍ ഒഴുകിയെത്തി. എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ചിത്രം നേടിയത്. ഫെബ്രുവരി ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടി സിനിമകളായ പാലേരിമാണിക്യം, വല്യേട്ടന്‍, ആവനാഴി എന്നിവ നേരത്തേ റീ–റിലീസ് ചെയ്തിരുന്നു.