Image Credit: Facebook

സ്വന്തം വീട്ടില്‍ വെച്ച് ആക്രമണമുണ്ടായ രാത്രിയില്‍ ഭാര്യ കരീന കപൂർ ഡിന്നറിനായി പുറത്തുപോയിരിക്കുകയായിരുന്നുവെന്ന് വെളിപ്പടുത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ഡല്‍ഹി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഭയപ്പെടുത്തിയ ആ രാത്രിയെക്കുറിച്ച് സെയ്ഫ് ആദ്യമായി തുറന്ന് പറഞ്ഞത്. 

‘കരീന ഡിന്നറിന് പുറത്ത് പോയിരുന്നു. രാവിലെ ചില ജോലികളുള്ളതിനാല്‍ ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. അവള്‍ തിരികെ വന്ന ശേഷം ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു, പിന്നെ ഉറങ്ങാന്‍ കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ വീട്ടിലെ ജോലിക്കാരി ഓടി വന്ന് വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറിയെന്നു പറഞ്ഞ് നിലവിളിച്ചു. അയാള്‍ ജേയുടെ മുറിയില്‍ ഉണ്ടെന്നും കയ്യില്‍ കത്തിയുണ്ടെന്നും പണം ചോദിക്കുകയാണെന്നും പറഞ്ഞു. അപ്പോള്‍ സമയം രണ്ട് മണിയായിട്ടുണ്ടാകും. സമയം ചിലപ്പോള്‍ കൃത്യമാകണമെന്നില്ല. പക്ഷെ ഏറെ വൈകിയിരുന്നു. ആകെ പകച്ചുപോയി, പെട്ടന്ന് ഓടി അവിടെ ചെന്നു. അവിടെ ഒരാള്‍ ജേയുടെ കട്ടിലിന്റെ അടുത്തായി നില്‍ക്കുന്നുണ്ട്. അയാളുടെ കയ്യില്‍ എന്തോ ഉണ്ട്. ഞാന്‍ കരുതിയത് വടിയാണെന്നാണ്. പക്ഷേ അതൊരു ഹാക്സോ ബ്ലേഡ് ആയിരുന്നു. അയാൾ മുഖം മൂടി ധരിച്ചിരുന്നു. പിന്നീട് നടന്നതൊരു സർറിയൽ രംഗമായിരുന്നു. അയാളെ കടന്നു പിടിച്ച് ഞാൻ താഴെയിട്ടു. അതു പിന്നീടൊരു മല്‍പ്പിടുത്തമായി. അയാൾ എന്റെ മുതുകിൽ ആവുന്നത്ര ശക്തിയായി ഇടിച്ചുകൊണ്ടിരുന്നു. പക്ഷേ അത് കത്തിവച്ചായിരുന്നുവെന്ന് അപ്പോൾ അറിഞ്ഞില്ല. കത്തിവച്ചാണ് അയാൾ കുത്തിയതെങ്കിലും കാര്യമായി വേദന എന്നിൽ ഉണ്ടായില്ലെന്നു പറയാം. ആ സംഭവത്തിലെ ഞെട്ടലും അഡ്രിനാലിൻ റഷും കൊണ്ടാകാം വേദന അനുഭവപ്പെടാതിരുന്നത്. പിന്നെ അയാൾ എന്റെ കഴുത്തില്‍ കുത്തി. ഞാന്‍ കൈ കൊണ്ട് തടഞ്ഞു. കയ്യിലും കൈപ്പത്തിയിലും റിസ്റ്റിലുമെല്ലാം മുറിവേറ്റു. രണ്ട് കൈ ഉപയോഗിച്ചും അയാള്‍ കുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൂടുതലും ഞാന്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. കുറേ നേരം ഫൈറ്റ് ചെയ്തു. പക്ഷേ പിന്നെ എനിക്ക് നേരിടാന്‍ പറ്റാതായി. അയാളുടെ കയ്യിൽ രണ്ട് കത്തി ഉണ്ടായിരുന്നു. എന്റെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴേക്കും എന്റെ ജോലിക്കാരി അവനെ എന്നില്‍ നിന്നും പിടിച്ചു മാറ്റി. അവനെ മുറിയില്‍ നിന്നും പുറത്ത് തള്ളി വാതില്‍ അടച്ചു.അപ്പോഴേക്കും ഞാന്‍ രക്തത്തില്‍ കുളിച്ചിരുന്നു. ’ സെയ്ഫ് പറഞ്ഞു.

നട്ടെല്ലിന് കുത്തേറ്റതിനാല്‍ വലത് കാലിനു ചലനമില്ലാതായി. പക്ഷെ അപ്പോഴത് മനസിലായില്ലെന്നും കാലിന് കുത്തേറ്റുവെന്നാണ് കരുതിയതെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. പിന്നെ താഴേക്കു വന്ന് പൊരുതാൻ ആയുധമെന്തെങ്കിലും ഉണ്ടോ എന്നു നോക്കി.ഈ സമയത്തിനുള്ളില്‍ കരീന ജേയെ അവിടെ നിന്നും എടുത്ത് തൈമുറിന്റെ മുറിയിലേക്ക് മാറ്റി. അക്രമിയുമായി പൊരുതുന്നതിനിടെ ജേയെ ഗീതയാണ് എടുത്തു മാറ്റിയത്. കുട്ടിയെ എടുക്കൂ എന്നു പറഞ്ഞ് കരീന നിലവിളിക്കുന്നത് ഇപ്പോഴും ഓർക്കുന്നുണ്ടെന്നും സെയ്ഫ് ഓര്‍ത്തെടുത്തു.  

‘കുട്ടികളുടെ മുറിയിലേക്ക് എത്തുന്നൊരു ഡ്രെയ്‌നേജ് പൈപ്പ് വഴിയാണ് അയാൾ വന്നതും പോയതും. ഞങ്ങള്‍ വീട് മുഴുവന്‍ പരിശോധിച്ചു. രക്തത്തില്‍ കുളിച്ചിരുന്ന ഞാന്‍ ചുമരില്‍ അലങ്കാരത്തിനായി വച്ചിരുന്ന രണ്ട് വാളും കയ്യിലെടുത്ത് സിനിമാസ്‌റ്റൈലിലായിരുന്നു ഓടി നടന്നത്.തൈമുര്‍ കാണുന്നത് അതാണ്. ഞാന്‍ രക്തത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. ജോലിക്കാരനായ ഹരിയുടെ രണ്ട് കയ്യിലും വാളുമുണ്ട്. ‘അവനെ പിടിക്കണ’മെന്ന് പറഞ്ഞപ്പോള്‍, ആദ്യം പുറത്ത് കടക്കാം എന്ന് കരീന പറഞ്ഞു. ജേയെ പുറത്ത് എത്തിക്കണം. നിങ്ങളെ ആശുപത്രിയിലെത്തിക്കണം. ഒരുപക്ഷേ അയാള്‌‍ ഇപ്പോഴും അകത്തു തന്നെ കാണാം, ഒന്നിലധികം ആളുകളുണ്ടാകാനും സാധ്യതയുണ്ടെന്നും കരീന പറഞ്ഞു. അതോടെ ഞങ്ങള്‍ താഴേക്കു വന്നു. കരീന ഓട്ടോയോ കാറോ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി അലറി വിളിക്കുകയായിരുന്നു. ഫോണിലും ആരെയും കിട്ടിയില്ല. അപ്പോഴേക്കും എനിക്ക് വേദന അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.’’–സെയ്ഫിന്റെ വാക്കുകൾ.

ആശുപത്രിയിലേക്ക് സെയ്ഫിനൊപ്പം മകന്‍ തൈമുറും ജോലിക്കാരന്‍ ഹരിയുമായിരുന്നു പോയത്. ആ സമയത്ത് വീട്ടില്‍ ഡ്രൈവര്‍മാര്‍ ആരും ഇല്ലാതിരുന്നതിനാലാണ് ഓട്ടോയില്‍ പോയതെന്നും സെയ്ഫ് പറയുന്നു. ഇത്രയൊക്കെ നടന്നിട്ടും തൈമുര്‍ പേടിച്ചില്ലെന്നും അച്ഛനൊപ്പം താന്‍ ആശുപത്രിയില്‍ പോകുമെന്ന് പറഞ്ഞുവെന്നും സെയ്ഫ് പറയുന്നു. നിങ്ങള്‍ മരിക്കാന്‍ പോവുകയാണോ? എന്ന് തൈമുര്‍ ചോദിച്ചു. ഇല്ല എന്ന് താന്‍ അവന് മറുപടി നല്‍കിയെന്നും സെയ്ഫ് പറഞ്ഞു. തങ്ങള്‍ ആശുപത്രിയിലേക്ക് പോയപ്പോള്‍ കരീന ജേയെ സഹോദരി കരിഷ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് സെയ്ഫ് പറയുന്നത്. ജനുവരി 21 നാണ് സെയ്ഫ് അലിഖാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ENGLISH SUMMARY:

Actor Saif Ali Khan has revealed details about the attack on him at his residence and other events that unfolded that night. Saif opened up about the incident for the first time in an interview