എ.ആര്‍.റഹ്മാന്‍റെ മുന്‍ഭാര്യ സൈറ ബാനു ആശുപത്രിയില്‍. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ശസ്ത്രക്രിയ നടക്കുകയാണെന്നും സൈറ ഭാനുവിന് വേണ്ടി അഭിഭാഷകയായ വന്ദനാ ഷായാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടത്. സൈറ ബാനു ആരോഗ്യാവസ്ഥ വീണ്ടെടുക്കുകയാണെന്ന് കുറിപ്പിലുണ്ടെങ്കിലും എന്താണ് രോഗമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ സൈറ ബാനു പറഞ്ഞു. 'വെല്ലുവിളിനിറഞ്ഞ ഈ സമയത്ത് സൈറയുടെ ശ്രദ്ധ എത്രയുംവേഗം സുഖംപ്രാപിക്കുന്നതില്‍ മാത്രമാണ്. ചുറ്റുമുള്ളവരുടെ കരുതലും പിന്തുണയും അവര്‍ ഏറെ വിലമതിക്കുന്നു. ക്ഷേമത്തിനായി പ്രാര്‍ഥിക്കണം' എന്നാണ് സൈറ ബാനു കുറിപ്പിലൂടെ പറയുന്നത്.
ഇതേ കുറിപ്പില്‍ മുന്‍ ഭര്‍ത്താവ് എ.ആര്‍. റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, വന്ദനാ ഷാ, എന്നിവരുടെ പിന്തുണയ്ക്ക് നന്ദിയും സൈറ പറയുന്നുണ്ട്. 'ഈ വിഷമകരമായ സമയത്ത് ഉറച്ച പിന്തുണനല്‍കിയ ലൊസാഞ്ചലസിലെ സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, വന്ദനാ ഷാ, റഹ്‌മാന്‍ എന്നിവരോട് ഹൃദയത്തില്‍നിന്ന് നന്ദി അറിയിക്കുന്നു. അവരുടെ കരുണയ്ക്കും അവര്‍ നല്‍കിയ പ്രോത്സാഹനത്തിനും ഏറെ നന്ദിയുണ്ട്' എന്നും കുറിപ്പിലുണ്ട്.
സൈറ ബാനുവും എ.ആർ. റഹ്മാനും കഴിഞ്ഞ വർഷം നവംബറിൽ വേർപിരിയൽ പ്രഖ്യാപിച്ചത്. എ.ആര്‍. റഹ്മാന്‍ – സൈറ ബാനു വിവാഹമോചനത്തില്‍ അപകീര്‍ത്തികരമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന നേരത്തെ സൈറ ബാനു അഭ്യര്‍ഥിച്ചിരുന്നു. ദി ബെസ്റ്റ് മാന്‍ ഇന്‍ ദി വേള്‍ഡ് എന്നാണ് റഹ്മാനെ സൈറ ബാനു വിശേഷിപ്പിച്ചത്.