നടി ചിത്ര നായർ വിവാഹിതയായി. ലെനീഷ് ആണ് വരൻ. ചിത്ര തന്നെയാണ് വിവാഹ വിഡിയോ പങ്കുവച്ച് വിവരം പുറത്തുവിട്ടത്. നടന്‍ രാജേഷ് മാധവൻ ഉൾപ്പടെ നിരവധിപ്പേർ ചിത്രയ്ക്കും ലെനീഷിനും ആശംസകളുമായെത്തി. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
'ന്നാല്‍ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ സുമലത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ചിത്രയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യവിവാഹത്തിലെ മകനായ അദ്വൈതും ചിത്രത്തിയുടെ വിവാഹത്തില്‍ സാന്നിധ്യമായിരുന്നു. 21ാം വയസിവായിരുന്നു തന്‍റെ ആദ്യവിവാഹമെന്നും വിവാഹമോചിതയായിട്ട് എട്ടു വര്‍ഷം കഴിഞ്ഞെന്നും മുമ്പ് കതാര്‍സിസ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘മകന് പതിനാല് വയസ്സ് പ്രായമുണ്ട്. ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു. എനിക്ക് 36 വയസ്സാണ്. നമ്മൾ കാണുന്ന എല്ലാവരും സന്തൂർ മമ്മിയാണല്ലോ. എന്റെ കൂടെ മകൻ നടക്കുമ്പോ അനിയനാണോയെന്ന് ആളുകൾ ചോദിക്കാറുണ്ട്. 21ാം വയസ്സിലായിരുന്നു വിവാഹം. പ്ലസ്ടു കഴിഞ്ഞ്, ടിടിസി കഴിഞ്ഞപ്പോൾ തന്നെ കല്യാണം കഴിഞ്ഞു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. വിവാഹമോചിതയായിട്ട് എട്ടുവർഷമായി. ജാതകമൊക്കെ നോക്കിയാണ് ഞാൻ വിവാഹം കഴിച്ചത്. അതിലൊന്നും ഒരു കാര്യമില്ലെന്ന് മനസിലായി. മാനസികമായ പൊരുത്തം തന്നെയാണ് പ്രധാനം.
ജീവിതത്തിൽ വിവാഹം ഇനി ഉണ്ടാകുമോയെന്ന് ചോദിച്ചാൽ എന്നെ മനസിലാക്കുന്ന പിന്തുണയ്ക്കുന്ന ഒരാൾ ഉണ്ടെങ്കിൽ തീർച്ചയായും നോക്കും. മകന് അതിലൊരു പ്രശ്നമൊന്നുമില്ല. ഇനി ജാതകമൊന്നും നോക്കില്ല. സിനിമയിലേക്ക് കാസ്റ്റിങ് കോളിന്റെ സമയത്തൊക്കെ വയസ് കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ പ്രശ്നമില്ല. 30 വയസ്സ് കഴിഞ്ഞ് ആണുങ്ങൾ പെണ്ണ് കെട്ടിയില്ലെങ്കിൽ എന്തുകൊണ്ട് ഇവന് പെണ്ണ് കിട്ടുന്നില്ല എന്നും ആൾക്കാർക്കിടയിലെ പരിഹാസവുമൊക്കെയാണ്.നല്ല ജോലിയും സ്ത്രീധനമൊക്കെ കൊടുത്ത് വിവാഹം കഴിപ്പിച്ചാലും നമ്മൾ പലതും കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുന്നില്ലേ. കല്ല്യാണം കഴിക്കാതെ ഇരിക്കുമ്പോൾ പല തരത്തിലുള്ള പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് കേട്ടിട്ടുണ്ട്.
30 വയസ്സ് വരെയൊക്കെ ആണുങ്ങൾക്ക് പെണ്ണ് കാണാനെങ്കിലും കിട്ടും. കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. ഗവൺമെന്റ് ജോലിയൊക്കെ ആണ് ആളുകൾക്ക് താത്പര്യം. എന്തായാലും വിവാഹത്തെ കുറിച്ച് ഇപ്പോൾ ഞാൻ ആലോചിച്ചിട്ടല്ല. കുടുംബവും കുട്ടികളുമൊക്കെ വേണമെന്ന മനസുള്ള ആൾ തന്നെയാണ് ഞാൻ. എന്നെ മനസിലാക്കുന്നൊരാളാണ് ഞാൻ,’’ചിത്ര പറഞ്ഞു.