തന്നോട് മഞ്ജുവാര്യര്‍ മോശമായി പെരുമാറി എന്ന വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ. വാര്‍ത്ത വ്യാജമാണെന്നും താനോ മഞ്ജുവോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് നാദിര്‍ഷ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. 

'മഞ്ജുവാര്യര്‍ ഒരുപാട് മാറിപ്പോയി, പഴയകാര്യങ്ങളെല്ലാം മറന്നു. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി ഏറെ വിഷമിപ്പിച്ചു' എന്ന് നാദിര്‍ഷ പറഞ്ഞുവെന്നാണ് വ്യാജ വാര്‍ത്തയില്‍ അവകാശപ്പെടുന്നത്. 'ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്‍റെ നടുവിരൽ നമസ്ക്കാരം' എന്നാണ് വ്യാജ വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നാദിര്‍ഷ കുറിച്ചത്. 

മകളുടെ വിവാഹ സമയത്ത് മഞ്ജുവിനെ ക്ഷണിക്കാനായി നാദിര്‍ഷ ഫോണിൽ വിളിച്ചിരുന്നെന്നും എന്നാല്‍ അന്ന് തിരക്കിലാണെന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്തെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നുമാണ് പ്രചരിക്കുന്ന വ്യാജവാര്‍ത്ത. 

മിമിക്രി വേദികളിലൂടെയെത്തി നടനും സംവിധായകനും ടിവി അവതാരകനുമൊക്കയായി മാറിയ താരമാണ് നാദിർഷ. നടൻ ദിലീപുമായുള്ള നാദിര്‍ഷയുടെ സൗഹൃദമാണ് മഞ്ജുവിലേക്കുമെത്തിയത്. ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് മഞ്ജുവും നാദിര്‍ഷയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്.

ENGLISH SUMMARY:

Nadirshah has responded to the news alleging that Manju Warrier behaved poorly.