മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. സിനിമയുടെ ഓരോ അപ്ഡേറ്റ്സിനായും കാത്തിരിക്കുന്ന പ്രേക്ഷകരില്‍ ഏറ്റവും കൂടുതല്‍ കൗതുകം ജനിപ്പിച്ചത് ഡ്രാഗന്റെ മുദ്ര പതിപ്പിച്ച വെള്ള വസ്ത്രം ധരിച്ചു പുറം തിരിഞ്ഞു നിൽക്കുന്ന പോസ്റ്ററാണ്. ഇപ്പോഴിതാ ഇന്നലെ പുറത്തുവിട്ട പുതിയ ക്യാരക്ടര്‍ പോസ്റ്ററിന് പിന്നാലെ ഈ ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. 

എമ്പുരാന്റേതായി ഏറ്റവും ആദ്യം പുറത്തുവന്ന പോസ്റ്ററുകളിലൊന്ന് ഡ്രാഗന്റെ മുദ്ര പതിപ്പിച്ച വെള്ള വസ്ത്രം ധരിച്ചു പുറം തിരിഞ്ഞു നിൽക്കുന്നയാളുടേതായിരുന്നു. പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ആ കഥാപാത്രമാരാണെന്ന ഫാൻ തിയറികൾക്കൊണ്ട് സോഷ്യൽ മീഡിയ നിറയുകയും ചെയ്തിരുന്നു. പലരും പ്രവചിച്ചിരുന്നത് ഫഹദ് ഫാസില്‍, ബേസില്‍ ജോസഫ്, മമ്മൂട്ടി എന്നൊക്കെയാണ് എന്നാല്‍ ഈ പേരുകളെയൊക്കെ തള്ളിക്കൊണ്ട് സംവിധായകന്‍ തന്നെ രംഗത്തുവന്നിരുന്നു. 

ഇപ്പോൾ പുതിയതായി റീലിസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ 13 ആമത്തെ ക്യാരക്റ്റർ പോസ്റ്റർ എറിക്ക് എബൗനി എന്ന അമേരിക്കൻ – ഫ്രഞ്ച് നടന്റേതാണ്. കബുഗ എന്ന കഥാപാത്രത്തെയാണ് എറിക്ക് എബൗനി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ആദ്യ പോസ്റ്ററിലെ ചിത്രത്തിന് താരവുമായി സാമ്യതകള്‍ ഉണ്ടെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തല്‍. ഏതായാലും വില്ലന്‍ വേഷത്തിലാണ് എറിക്ക് എബൗനി എത്തുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. 

ഏറ്റവും ഒടുവില്‍ സ്റ്റൈലീഷ് ലുക്കില്‍ ഹെലികോപ്റ്ററില്‍ പറന്നുയരാന്‍ തുടങ്ങുന്ന ഖുറേഷി അബ്രാമിന്‍റെ ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറഞ്ഞെങ്കിൽ ‘എമ്പുരാനി’ൽ ഖുറേഷി അബ്രാമിന്റെ ലോകത്തേക്കാണ് പ്രേക്ഷരെ കൂട്ടിക്കൊണ്ടു പോകുന്നത്. കേരളത്തെ വലിയ പ്രശ്നത്തിൽ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമയെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

ENGLISH SUMMARY:

Was it Eric Ebobisse who wore the shirt with the dragon emblem in Empuraan?