സിനിമ, സീരിയല്‍, വെബ് സീരീസ് തുടങ്ങിയവയിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് ശ്രീവിദ്യ മുല്ലശ്ശേരിയുടേത്. സ്വന്തമായി യൂട്യൂബ് ചാനലും ശ്രീവിദ്യയ്ക്കുണ്ട്. അടുത്തിടെയാണ് സംവിധായകൻ രാഹുൽ രാമചന്ദ്രനുമായി നടിയുടെ വിവാഹം നടന്നത്. എന്നാലിപ്പോള്‍ രാഹുലും താനും മാറിയാണ് താമസിക്കുന്നത് എന്ന് പറഞ്ഞിരിക്കുകയാണ് ശ്രീവിദ്യ.
പ്രണയം, പ്രൊപ്പോസല്‍ തുടങ്ങി വിവാഹ വിശേഷങ്ങളെല്ലാം തന്നെ ശ്രീവിദ്യ വ്ലോഗായും മറ്റും യൂട്യൂബില്‍ ഇട്ടിരുന്നു. സേവ് ദി ഡേറ്റ് മുതല്‍ വിവാഹവേഷത്തിന്‍റെയും മേക്കപ്പിന്‍റെയും പേരില്‍ വരെ ശ്രീവിദ്യയ്ക്കും രാഹുലിനും സമൂഹമാധ്യമത്തിലൂടെ മോശം പ്രതികരണങ്ങള്‍ ആ സമയത്ത് ധാരാളമുണ്ടായി. ഇപ്പോഴിതാ ശ്രീവിദ്യ യൂട്യൂബില്‍ പുതുതായി ഇട്ട വിഡിയോയുടെ പേരിലും കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
ശ്രീവിദ്യ വിഡിയോയുടെ തമ്പ്നെയിലായി നല്‍കിയിരിക്കുന്ന കാര്യമാണ് മോശം പ്രതികരണങ്ങളുണ്ടാകാന്‍ പ്രധാന കാരണം. ‘ഞാനും നന്ദുവും ഇപ്പോ ഒരുമിച്ച് അല്ല’ എന്ന തലക്കെട്ടും വിഷമിച്ചിരിക്കുന്ന തന്‍റെ ഒരു ചിത്രവും ചേര്‍ത്താണ് ശ്രീവിദ്യ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇവര്‍ വേര്‍പിരിഞ്ഞു എന്ന തെറ്റിദ്ധാരണ പരന്നു. എന്നാല്‍ വിഡിയോ മുഴുവന്‍ കണ്ടവര്‍ ശ്രീവിദ്യ ചെയ്തത് ഒട്ടും ശരിയായില്ല എന്നാണ് പറയുന്നത്.
‘ഞാന്‍ തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതല്ല. എന്താണ് നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വിഡിയോ ഇടാത്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരുന്നുണ്ട്. അതിനുള്ള മറുപടിയാണ്. 2025ലെ ആദ്യത്തെ വിഡിയോയാണിത്. ഇങ്ങനെയൊരു വിഡിയോ ആകുമെന്ന് കരുതിയില്ല. ഭയങ്കര വിഷമത്തിലാണ്. ഞങ്ങളുടെ ഹണിമൂണ്‍ പീരിയഡ് ആണിത്. പക്ഷേ നന്ദു കൂടെയില്ല എന്നത് ഒരുപാട് വിഷമമുണ്ടാക്കുന്നു.
ജോലി സംബന്ധമായും ഭാവി സംബന്ധിച്ച ചില നിര്‍ണായക കാര്യങ്ങളുള്ളതും കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ മാറിനില്‍ക്കുന്നത്. ഇതിനിടെ പരസ്പരം രണ്ടുമൂന്ന് ദിവസം കണ്ടിട്ടുണ്ടാകും. നമ്മള്‍ പോലും വിചാരിക്കാത്ത കാര്യമാണ്. ഞങ്ങള്‍ പുതിയ ഒരു വസ്ത്ര ബ്രാന്‍ഡ് തുടങ്ങി. അതിന്‍റെ ഫിസിക്കല്‍ സ്റ്റോര്‍ കാസര്‍ഗോഡ് ആണ്. ഒരുപാട് നാളത്തെ എന്‍റെ ആഗ്രഹമായിരുന്നു ഇത്. ജനുവരി 12നായിരുന്നു ഉദ്ഘാടനം. ജനുവരി 25ന് നന്ദുവിന്‍റെ ഏറ്റവും വലിയ ആഗ്രഹവും സഫലമായി. സ്വന്തമായി ഒരു റെസ്റ്റോറന്‍റ് വേണമെന്ന് നന്ദുവിന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരത്ത് ഒരു ടേക്ക് എവേ കിച്ചണ്‍ നന്ദു തുടങ്ങി.’
ഇതാണ് ശ്രീവിദ്യ വിഡിയോയില്‍ പറയുന്നത്. പക്ഷേ പറഞ്ഞ കാര്യവും വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തമ്പ്നെയിലും കണ്ടവര്‍ ‘ശ്രീവിദ്യ ഇത്രയ്ക്ക് ചീപ്പാകരുതായിരുന്നു’ എന്നാണ് പ്രതികരിക്കുന്നത്. ഒരു നല്ല കാര്യമാണ് പറയുന്നത് പക്ഷേ അത് അവതരിപ്പിച്ച രീതി ശരിയായില്ല എന്നാണ് കമന്‍റുകള്‍. റിയാക്ഷന്‍ വിഡിയോകളടക്കം വന്നതോടെ ഉടന്‍ തന്‍റെ പ്രതികരണം ഉണ്ടാകും എല്ലാവരും കാത്തിരിക്കുക എന്ന കമന്‍റാണ് ശ്രീവിദ്യ ഇട്ടിരിക്കുന്നത്.