അഴകിലും അഭിനയത്തിലും ഇന്നും ശ്രീദേവിക്ക് പകരം ശ്രീദേവി മാത്രം. അംഗഭംഗിയുടെ അവസാനവാക്ക്. അതായിരുന്നു സിനിമ പ്രേമികള്‍ക്ക് ശ്രീദേവി. തമിഴിന്‍റെ ശ്രീയായി തുടങ്ങി ബോളിവുഡിന്‍റെ റാണിയായി വിളങ്ങി.
നാലാംവയസില്‍ ബാലതാരമായായിട്ട് തുടക്കം. എട്ടുവയസ്സുള്ളപ്പോള്‍ പൂമ്പാറ്റ എന്ന മലയാളചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്. പതിമൂന്നാം വയസ്സില്‍ മുന്‍ട്ര് മുടിച്ചെന്ന തമിഴ്പടത്തിലൂടെ നായിക. പിന്നെ കണ്ടത് ശ്രീദേവി വാണ നായികാ സാമ്രാജ്യം.
മൂന്നാംപിറൈയിലൂടെ ആരാധകരുടെ മനസിലൊട്ടിപ്പിടിച്ച ദേവി. തമിഴിലും മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും വശ്യസൗന്ദരത്തിന്‍റെ ദേവതയായി. 54–ാം വയസ്സില്‍ കെട്ടുപോയ സൗന്ദര്യതാരകത്തിന് ആരാധക മനസ്സില്‍ ഇന്നും ആയിരം തിളക്കമാണ്.