മോഹൻലാലും ശോഭനയും പ്രധാന വേഷത്തിലെത്തുന്ന ‘തുടരും’എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ കണ്ട് ഗായകൻ എംജി ശ്രീകുമാർ നൽകിയ റിവ്യൂ ആണ് ഇപ്പോൾ വൈറല്‍. പടം നൂറ് ശതമാനം ഹിറ്റ് ഉറപ്പാണെന്നും നിങ്ങള്‍ കാണാൻ ആഗ്രഹിക്കുന്ന എല്ലാമുണ്ടെന്നും പറയുന്നു.
‘മനോഹരമായ ഒരു സിനിമയാണ് കേട്ടോ. എനിക്ക് പറയാതിരിക്കാൻ പറ്റില്ല, നൂറു ശതമാനം ഹിറ്റ് ആണ്. ഞാൻ പടം കുറെ കണ്ടു. വികാരഭരിതമായ കുറെ രംഗങ്ങള്‍ ഉണ്ട്. നിങ്ങള്‍ കാണാൻ ആഗ്രഹിക്കുന്ന എല്ലാമുണ്ട്. ആഘോഷിക്കാൻ പറ്റുന്ന ഒന്ന് ആയിരിക്കും ചിത്രം’ എംജി ശ്രീകുമാര്‍ പറഞ്ഞു. ചിത്രത്തിനായി എം ജി ശ്രീകുമാർ പാടിയ കൺമണിപൂവേ' എന്ന ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ്‌യാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്.