സുരേഷ്കുമാറിന് എതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിന് ട്രോള്‍പൂരം. എല്ലാം ഓക്കെയല്ലേ അണ്ണാ എന്ന തലക്കെട്ടോടെയായിരുന്നു ആന്റണി പെരുമ്പാവൂരിന്‍റെ പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്. സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പോസ്റ്റ്.
അണ്ണനോ..ഏത് അണ്ണൻ അണ്ണനൊക്കെ പോയി, ഇതുവരെ വളരെ ശെരിയല്ലേ അണ്ണാ, വിശ്വസിക്കരുത് സ്വന്തം നിഴലിനെ പോലും... നല്ല വെളിച്ചം കണ്ടാൽ അതും നമ്മെ വിട്ട് പോകും, അണ്ണൻ മുങ്ങി, പണി പാളി പോയി അണ്ണാ, അണ്ണൻ ഡിലീറ്റ് അടിച്ചല്ലോ അണ്ണാ, ഇതങ്ങു ഡിലിറ്റ് ചെയ്തേക്കു തുടങ്ങിയ കമന്‍റുകളാണ് പൃഥ്വിരാജിന്‍റെ പോസ്റ്റിന് കീഴില്‍.
എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരസ്യ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ബജറ്റ് വിവാദത്തിൽ വ്യക്തത വന്നതിനാൽ പോസ്റ്റ് പിൻവലിക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചിരുന്നു. അതോടെയാണ് പൃഥ്വിരാജിനെതിരെ ട്രോളുകൾ സജീവമായത്.
എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് ജി.സുരേഷ് കുമാര്‍ പുറത്തുവിട്ട കണക്കിന് പിന്നാലെ ആന്‍റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്കില്‍ രൂക്ഷമായി പ്രതികരിച്ചതോടെയായിരുന്നു തുടക്കം. ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍ എത്തിയതോടെ ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സുരേഷ്കുമാറിന്‍റെ നിലപാടിനൊപ്പമായി ഭൂരിപക്ഷം സിനിമാസംഘടനകളും. സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക് പോസ്റ്റ് പിന്‍വലിച്ച് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ ആന്‍റണി പെരുമ്പാവൂരിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് 25മുതലുള്ള സിനിമാറിലീസുകൾക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനടക്കം ഫിലിം ചേംബർ കത്ത് നൽകിയത്. 27ന് എമ്പുരാന്‍ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഈ നീക്കം.